ബസ്സ്റ്റാൻഡിൽ സംഘർഷം; ഭയന്നോടിയ യാത്രക്കാരിയുടെ കുഞ്ഞിന് വീണ് പരിക്ക്
text_fieldsപത്തനംതിട്ട: പുതിയ ബസ്സ്റ്റാൻഡിൻ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷംകണ്ട് ഭയന്ന് ഓടുന്നതിനിടെ നരിയാപുരം സ്വദേശിനിയായ യാത്രക്കാരിയുടെ കുഞ്ഞിന് വീണ് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. 20ഓളം വരുന്ന സംഘം ചേരിതിരിഞ്ഞ് യാത്രക്കാർ നിൽക്കുന്ന ഭാഗത്തെത്തി ഏറ്റുമുട്ടുകയായിരുന്നു. ഇവിടെ പൊലീസ് ഉണ്ടായിരുന്നില്ല. കൂടുതൽ പേരും ഹെൽമെറ്റ് ധരിച്ചാണ് എത്തിയതെന്ന് യാത്രക്കാർ പറഞ്ഞു. സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന പഴയ മൺവെട്ടിയും ഇരുമ്പ്കമ്പികളും ആക്രമണത്തിന് ഉപയോഗിച്ചതായും യാത്രക്കാർ പറഞ്ഞു. പുറത്ത് ബൈക്ക് വെച്ചശേഷമാണ് സംഘം സ്റ്റാൻഡിലെത്തിയത്.
അടികണ്ട് ഭയന്ന് ഓടി മാറിയപ്പോഴാണ് യാത്രക്കാരിയുടെ കുഞ്ഞിന് വീണ് പരിക്കേറ്റത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴെക്കും സംഘം സ്ഥലം വിട്ടു. അരമണിക്കൂറിനുശേഷം ഓപൺ സ്റ്റേജ് ഭാഗത്ത് വീണ്ടും ഇവർ സംഘടിച്ചു. ഫോണിൽ വിളിച്ച് പുറത്തുനിന്ന് കൂടുതൽ ആളുകളെ വരുത്താനും ശ്രമിച്ചു. വ്യാപാരികൾ ഈ വിവരം പൊലീസിനെയും അറിയിച്ചു. മിക്ക സമയത്തും സ്റ്റാൻഡിൽ പൊലീസിനെ കാണില്ല. രണ്ടാഴ്ചയായി ഇവിടെ സ്ഥിരമായി സംഘർഷം നടക്കുന്നതായി വ്യാപാരികൾ പറഞ്ഞു. മുമ്പും ഇവിടെ വിദ്യാർഥികൾ തമ്മിൽ വലിയ ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്.
കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു. സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതോടെ സ്റ്റാൻഡിൽ കയറാൻ ഇപ്പോൾ യാത്രക്കാർക്ക് ഭയമാണ്. നാളുകളായി കഞ്ചാവ് കച്ചവടത്തിന്റെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഏജന്റുമാരായി വരുന്നത്.
ചൊവ്വാഴ്ച രാത്രിയും 30ഓളം ബൈക്കുകളിൽ എത്തിയ യുവാക്കൾ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പൊലീസ് എത്തിയാണ് വിരട്ടി ഓടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.