കതക് ചവിട്ടിത്തുറക്കൽ, സസ്പെൻഷൻ; കോൺഗ്രസിൽ പോര് മുറുകുന്നു
text_fieldsപത്തനംതിട്ട: ജില്ല കോൺഗ്രസ് അധ്യക്ഷെൻറ മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന മുൻ ഡി.സി.സി പ്രസിഡന്റിെൻറ സസ്പെൻഷനിൽ കലാശിച്ച സംഭവത്തിൽ പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ്പോര് മുറുകുന്നു.
മുൻ പ്രസിഡന്റ് ബാബു ജോർജിെൻറ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യവുമായി എ ഗ്രൂപ് രംഗത്തുണ്ട്. പിൻവലിക്കാത്തപക്ഷം പരിപാടികളുമായി സഹകരിക്കില്ലെന്നാണ് എ ഗ്രൂപ് ഭീഷണി. എ ഗ്രൂപ്പിലെ ചില നേതാക്കളുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നു.
കഴിഞ്ഞയാഴ്ച നടന്ന പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട യോഗത്തിലെ ബഹളത്തിനുശേഷം ഡി.സി.സി പ്രസിഡന്റിെൻറ മുറി ചവിട്ടിത്തുറന്നതിനെ തുടർന്നാണ് ബാബു ജോർജിനെ കെ.പി.സി.സി സസ്പെൻഡ് ചെയ്തത്. എ ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ടായിരുന്ന ജില്ലയിൽ അവർക്ക് സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയാണിപ്പോൾ. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചിലരെ രംഗത്തിറക്കിയിട്ടുള്ളതായും വിമർശനം ഉയർന്നിട്ടുണ്ട്.
ബാബു ജോർജ് മുറി ചവിട്ടിത്തുറന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കതക് ചവിട്ടിത്തുറക്കുന്ന ദൃശ്യങ്ങൾ പുറത്തായത് സംബന്ധിച്ചും എ ഗ്രൂപ്പിന് പരാതിയുണ്ട്. ജില്ലയിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി വിശദമായി ചർച്ചചെയ്ത് പരിഹാരം കാണാൻ ഡി.സി.സിയുടെ ക്യാമ്പ് എക്സിക്യൂട്ടിവ് അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജി, ഡി.സി.സി പ്രസിഡന്റിന് കഴിഞ്ഞദിവസം കത്തുനൽകി. എന്നാൽ, കത്തിലെ ആവശ്യം അംഗീകരിക്കുവാൻ ഡി.സി.സി പ്രസിഡന്റ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.