കോൺഗ്രസ് വിമത നേതാക്കൾ സി.പി.എമ്മിലേക്ക്
text_fieldsപത്തനംതിട്ട: വിമത കോൺഗ്രസ് നേതാക്കളായ ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രഫ. സജി ചാക്കോയും സി.പി.എമ്മിൽ ചേരുന്നു. 16ന് വൈകീട്ട് നാലിന് പത്തനംതിട്ട പഴയ ബസ്സ്റ്റാൻഡിൽ നടക്കുന്ന സമ്മേളനത്തിൽ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിക്കും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാബു ജോർജിനെയും സജി ചാക്കോയെയും കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. ബാബുജോർജ് പിന്നീട് രാജിവെച്ചു. ഡി.സി.സി നേതൃത്വത്തിനും പി.ജെ. കുര്യനുമെതിരെ പരസ്യപ്രസ്താവന നടത്തിയതിനാണ് നടപടിയെടുത്തത്. മല്ലപ്പള്ളി സഹകരണ കാര്ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സജി ചാക്കോക്കെതിരെ നടപടിയുണ്ടായത്.
15 വർഷം ഡി.സി.സി സെക്രട്ടറിയായിരുന്ന സജി ചാക്കോ, 2010-15ൽ കോയിപ്പുറം ഡിവിഷനിൽനിന്നുള്ള ജില്ല പഞ്ചായത്ത് അംഗമായിരുന്നു. 2013-15 വരെ ജില്ല പഞ്ചായത്ത് അധ്യക്ഷനുമായിരുന്നു. ജില്ലയിലെ മുതിർന്ന എ ഗ്രൂപ് നേതാവായിരുന്ന ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർ, കെ.പി.സി.സി അംഗം പി. മോഹൻരാജ്, ബാബുജോർജ് ഉൾപ്പെടെയുള്ളവർ സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. 2014നു ശേഷം പാർട്ടി ചുമതലകളില്ലാതെയാണ് പ്രവർത്തിച്ചതെന്ന് സജി ചാക്കോ പറഞ്ഞു.
ഡി.സി.സി ഓഫിസിൽ ജില്ല പുനഃസംഘടന സമിതി ചേർന്നപ്പോഴുണ്ടായ സംഭവങ്ങളാണ് ബാബു ജോർജിന്റെ സസ്പെൻഷനിൽ കലാശിച്ചത്. പുനഃസംഘടന സമിതി ചേർന്നപ്പോൾ ബാബു ജോർജ് വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. കതകിൽ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.
പുനഃസംഘടനയിൽ ഉടക്കി എ ഗ്രൂപ് യോഗത്തിൽനിന്ന് മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി. മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയവർ ഇറങ്ങിപ്പോകുകയായിരുന്നു. മാറ്റിനിർത്തിയവരെക്കൂടി പുനഃസംഘടനയിൽ ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യം നേതൃത്വം തള്ളിയതോടെയാണ് ഇറങ്ങിപ്പോയത്.
സി.പി.എമ്മിൽ ചേരുന്ന രണ്ടാമത്തെ ഡി.സി.സി പ്രസിഡന്റ്
ജില്ലയിൽ സി.പി.എമ്മിൽ ചേരുന്ന രണ്ടാമത്തെ ഡി.സി.സി പ്രസിഡന്റാണ് ബാബുജോർജ്. ആദ്യംചേർന്നത് അഡ്വ. ഫീലിപ്പോസ് തോമസായിരുന്നു. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഫീലിപ്പോസ് തോമസ് അടക്കമുള്ളവർ പാർട്ടി വിടാൻ കാരണക്കാരൻ പി.ജെ. കുര്യനാണെന്നാണ് ഇവർ പറയുന്നത്.
ഇതിനിടെ ബാബുജോർജിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് നേതാക്കളും അണികളും ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ വരുംദിവസങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകാനാണ് സാധ്യത. കോന്നി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുത്തിയതിന് കാരണക്കാരൻ ബാബുജോർജാണന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.