ബസ്സ്റ്റാൻഡ് യാർഡ് നിർമാണം സാങ്കേതിക അനുമതിയായി; ടെൻഡർ നടപടിയിലേക്ക് നഗരസഭ
text_fieldsപത്തനംതിട്ട: പുതിയ ബസ്സ്റ്റാൻഡിലെ യാർഡ് നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതോടെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
നഗരസഭ തയാറാക്കിയ 3.70 കോടിയുടെ എസ്റ്റിമേറ്റിനാണ് അനുമതി ലഭിച്ചത്. നിലവിലെ യാർഡിൽനിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജി.എസ്.പി, വെറ്റ് മിക്സ് എന്നിവ നിറച്ച് അതിനു മുകളിൽ ഇന്റർലോക് പാകി നവീകരിക്കാനാണ് അടങ്കൽ തയാറാക്കിയിട്ടുള്ളത്.
സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധം രണ്ട് ഘട്ടമായാണ് നിർമാണം നടക്കുകയെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
സ്റ്റാൻഡ് സമുച്ചയത്തിന്റെ ആധുനീകരണത്തിനായി തയാറാക്കിയ ഡി.പി.ആറിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നു. നിലവിലെ കെട്ടിടത്തിന്റെയും യാർഡിന്റെയും പൂർണമായ ഉപയോഗം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡി.പി.ആർ തയാറാക്കിയിരിക്കുന്നത്.
നിലവിലെ വെയിറ്റിങ് സ്പേസുകൾ ആകർഷകമായ വാണിജ്യ കിയോസ്കുകൾ നിർമിച്ച് ഉപയോഗിക്കും. പരിസരം മനോഹരമാക്കാൻ ലാൻഡ് സ്കേപ്പിങ്ങിനും വിശാലമായ പാർക്കിങ്ങും ഉൾപ്പെടെയാണ് പുതിയ രൂപകൽപന.
മൂന്നും നാലും നിലയിലായി ഓഫിസ് സ്പേസും ഓഡിറ്റോറിയവും കോൺഫറൻസ് ഹാളും നിർമിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.