പ്രക്കാനം-ഇലവുംതിട്ട റോഡിൽ കലുങ്ക് നിർമാണം പുരോഗമിക്കുന്നു
text_fieldsപത്തനംതിട്ട: പ്രക്കാനം-മുട്ടത്തുകോണം-ഇലവുംതിട്ട റോഡ് വികസന ഭാഗമായി കലുങ്കുകളുടെ നിർമാണം പുരോഗമിക്കുന്നു. പ്രക്കാനം മുതൽ ഇലവുംതിട്ട വരെ റോഡിന് കുറുകെ നാല് വലിയ കലുങ്കാണ് നിർമിക്കുന്നത്.
കലുങ്ക് നിർമിച്ച ശേഷം റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തി ടാർ ചെയ്യും. കലുങ്ക് നിർമാണം പൂർത്തിയാകാൻ 40 ദിവസം വേണ്ടിവരും. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പകുതിഭാഗം വീതമാണ് നിർമിക്കുന്നത്. 20 ദിവസംകൊണ്ടാണ് ഒരുപകുതി പൂർത്തിയാകുന്നത്. 12 കി.മീ. റോഡിന്റെ വികസനം തുടങ്ങിയിട്ട് രണ്ടുമാസത്തോളമായി.
കെ.എസ്.ടി.പിയുടെതാണ് പദ്ധതി. 34 കോടിയാണ് റോഡ് നിർമാണത്തിന് ചെലവഴിക്കുന്നത്. കയറ്റിറക്കങ്ങളും അപകടവളവുകളും നിറഞ്ഞതാണ് റോഡ്. വളവുകൾ പരമാവധി നേരെയാക്കിയും താഴ്ന്ന ഭാഗങ്ങൾ ഉയർത്തിയുമാണ് നിർമാണം. പ്രക്കാനം വളവിൽ അപകടം പതിവാണ്. റോഡിൽനിന്ന് ഇലന്തൂർ-ഓമല്ലൂർ റോഡിലേക്കുള്ള കുത്തുകയറ്റത്തിലും നിരവേൽപ്പടി ഭാഗത്തുമാണ് അപകടങ്ങൾ നടക്കുന്നത്. ഓമല്ലൂർ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പ്രക്കാനത്തെ താഴ്ന്ന ഭാഗം നാല് മീറ്ററിലേറെ ഉയർത്തിയാൽ മാത്രമേ അപകടങ്ങൾ ഒഴിവാകൂവെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രക്കാനം മുതൽ ഇലവുംതിട്ട ഭാഗം വരെ റോഡിലെ ടാറിങ് ഇളകി പല ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്കൂളിന് സമീപത്തുള്ള അപകട വളവിലും ടാറിങ് ഇളകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.