മല്ലപ്പള്ളി വൈദ്യുതി സബ് ഡിവിഷൻ മന്ദിരം നിർമാണം പൂർത്തിയായി
text_fieldsമല്ലപ്പള്ളി: സംസ്ഥാന വൈദ്യുതി ബോർഡിന്റെ മല്ലപ്പള്ളിയിലെ ഓഫിസുകൾക്കായി സബ്സ്റ്റേഷൻ വളപ്പിൽ പുതിയ കെട്ടിടം നിർമിച്ചു. 26ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. നിലവിൽ കോട്ടയം റോഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ഡിവിഷൻ, സെക്ഷൻ ഓഫിസുകളാണ് ചെറുകോൽപുഴ റോഡരികിലെ സ്വന്തം സ്ഥലത്തേക്ക് മാറുന്നത്. ഇപ്പോൾ പ്രതിമാസം 20,000 രൂപ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്.
കെട്ടിടം നിർമിക്കാൻ 88,40,077 രൂപയാണ് അനുവദിച്ചിരുന്നത്. 238 ചതുരശ്രമീറ്റർ വിസ്താരമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്ഷനും മുകളിൽ സബ്ഡിവിഷനും പ്രവർത്തിക്കും. അസി. എൻജിനീയറുടെ മുറിക്ക് പുറമെ കാർപോർച്ച്, റിസപ്ഷൻ, കാഷ് കൗണ്ടർ, സ്റ്റോർ തുടങ്ങിയവയാണ് താഴെയുണ്ടാകുക. മുകളിൽ അസി. എക്സി. എൻജിനീയർ, സബ് എൻജിനീയർമാർ എന്നിവർക്കും റെക്കോഡ്, റസ്റ്റ്, റവന്യൂ, ബിൽ എന്നിവക്കും മുറികളുണ്ടാകും.
വൈദ്യുതി ചാർജ് അടക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയതായി അധികൃതർ പറഞ്ഞു. മല്ലപ്പള്ളി-കോഴഞ്ചേരി റോഡിൽ തിരുമാലിട പള്ളിവേട്ടയാൽ കവലയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ജി.എം.എം ആശുപത്രി എത്തുന്നതിന് മുമ്പായാണ് പുതിയ ഓഫിസ്. സബ്സ്റ്റേഷന്റെ വശത്തെ വഴിയിലൂടെയും എത്താം. കഴിഞ്ഞ വർഷം മേയ് 22ന് മന്ത്രി തന്നെയാണ് ഇതിന്റെ നിർമാണോദ്ഘാടനം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.