പത്തനംതിട്ട ജനറൽ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് നിർമാണം; പൈലിങ്ങിന് മുന്നോടിയായ പരിശോധന തുടങ്ങി
text_fieldsപത്തനംതിട്ട: ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി പൈലിന്റെ ലോഡ് ബെയറിങ് കപ്പാസിറ്റി ഉറപ്പുവരുത്തുന്ന പരിശോധന ആരംഭിച്ചു.
ഒന്നാംഘട്ടത്തിലെ നിർമാണത്തിന്റെ പ്രാരംഭ പൈലിങ് പൂർത്തിയാക്കിയതിലാണ് ക്ഷമത പരിശോധന നടത്തുന്നത്. ഓരോ പൈലിനും ആവശ്യമായതിന്റെ രണ്ടര ഇരട്ടി ലോഡ് കയറ്റിയാണ് പരിശോധന. രണ്ട് ദിവസത്തിനുള്ളിൽ ലോഡ് ബെയറിങ് ടെസ്റ്റിന്റെ ഫലം വരും.
നഗരസഭ അധ്യക്ഷൻ അഡ്വ.ടി. സക്കീർ ഹുസൈൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കെട്ടിടത്തിന്റെ രൂപരേഖ ഉൾപ്പെടെ അന്തിമമായി ഉറപ്പാക്കുന്നതിന് ക്ഷമത പരിശോധന ആവശ്യമാണ്. പരിശോധനഫലം വന്നാലുടൻ തുടർ നടപടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സും ഒപ്പമുണ്ടായിരുന്നു. ആകെ ആറ് നിലകളിലായാണ് പുതിയ ഒ.പി കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ 5800 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനിലകളാണ് നിർമാണം പൂർത്തിയാവുക. നബാർഡ് ഫണ്ടുപയോഗിച്ച് 14കോടിയാണ് ചിലവ്.
ഒന്നാംനിലയിൽ കാന്റീൻ, ഫാർമസി, ഡിസ്പെൻസറി, ഒ.പി കൗണ്ടർ, പവർ റൂം, രണ്ടാംനിലയിൽ സ്റ്റോർ റൂം, ഡോക്ടേഴ്സ് റൂം, പ്ലാസ്റ്റർ റൂം, വെയ്റ്റിങ് റൂം, ശുചിമുറി സൗകര്യം എന്നിവയാണ് നിർമിക്കുന്നത്. മൂന്നാംനിലയിൽ മൈനർ ഓപറേഷൻ തിയറ്റർ, ഇ.സി.ജി, ഡോക്ടേഴ്സ് റൂം, ശുചിമുറി, കാത്തിരിപ്പ് മുറി തുടങ്ങിയ സൗകര്യം ഏർപ്പെടുത്തും. ഇതോടൊപ്പം പഴയ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് ഒഴിവാക്കാൻ പുതിയ ടാങ്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.