നഗരത്തിന്റെ ദാഹമകറ്റാൻ അമൃത് 2.0; കല്ലറക്കടവിൽ പുതിയ കിണർ നിർമാണം പൂർത്തിയായി
text_fieldsപത്തനംതിട്ട: നഗരത്തിന്റെ ഭാവി ആവശ്യകതകൂടി മുന്നിൽകണ്ട് നഗരസഭ തയ്യാറാക്കിയ അമൃത് 2.0 സമഗ്ര ശുദ്ധജല പദ്ധതി പുരോഗമിക്കുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന പദ്ധതിയുടെ ഭാഗമായി അച്ചൻകോവിലാറിൽ കല്ലറക്കടവിലെ പുതിയ ഇൻടേക്ക് വെൽ നിർമാണം പൂർത്തിയായി. പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, മുഴുവൻ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതിയുടെ ആകെ ചെലവ് 25 കോടിയോളം രൂപയാണ്. മൂന്നര കോടി ചിലവിൽ പ്രദേശത്തെ പൈപ്പ്ലൈൻ മാറ്റൽ പുരോഗമിക്കുകയാണ്.
പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനായി നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. പാമ്പൂരിപ്പാറയിലെ ജല അതോറിറ്റിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ടം സർക്കാർ അംഗീകാരത്തോടെ ടെൻഡർ നടപടികളിലേക്ക് കടന്നു.
10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ആദ്യഘട്ടത്തിന്റെ ടെക്നിക്കൽ, ഫിനാൻഷ്യൽ ബിഡുകൾ പൂർത്തിയായി. യോഗ്യത നേടുന്നയാളുമായി കരാർ ഒപ്പിട്ട് നിർമാണം ആരംഭിക്കും. ജൽജീവൻ പദ്ധതി പ്രകാരം മൈലപ്ര വരെ മണിമല ഡാമിൽ നിന്നുള്ള വെള്ളം ജല അതോറിറ്റി എത്തിക്കുന്നുണ്ട്. ഇത് നഗരസഭ അതിർത്തി വരെ ദീർഘിപ്പിച്ച് നഗരത്തിൽ വെള്ളം എത്തിക്കാനാണ് ശ്രമം. വേനൽക്കാലത്ത് അച്ചൻകോവിലാറ്റിലെ ജലം നഗരത്തിലെ ആവശ്യങ്ങൾക്ക് അപര്യാപ്തമാകുമെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നഗരസഭ ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നതെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.