പത്തനംതിട്ട ജില്ലയുടെ ആദ്യ ചുണ്ടൻവള്ളം നിർമാണം തുടങ്ങുന്നു
text_fieldsനിരണം: ജില്ലയുടെ ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടന്റെ പണികൾക്ക് ആവശ്യമായ അഞ്ഞിലിത്തടി വെട്ടുന്നതിന് മുന്നോടിയായി വൃക്ഷപൂജ നടത്തി. വെള്ളിയാഴ്ച നടന്ന ചടങ്ങുകൾക്ക് ശാന്തി സോമേഷ് മുഖ്യ കാർമികത്വം വഹിച്ചു. രക്ഷാധികാരി ഫാ. തോമസ് പുരയ്ക്കൽ ആശീർവദിച്ചു. നിരണത്തിന് സ്വന്തമായ ചുണ്ടൻവള്ളം വേണമെന്ന നാട്ടുകാരുടെ സ്വപ്നം ഇനി പൂവണിയും. പണിക്ക് ആവശ്യമായ നാല് വലിയ ആഞ്ഞിലി മരങ്ങളാണ് പൊൻകുന്നം പ്രദേശത്തുനിന്ന് ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയത്. 100 വർഷം പഴക്കമുള്ള 120 ഇഞ്ച് വണ്ണവും, 60 അടി പൊക്കവുമുള്ള പ്രധാന മരത്തിന്റെ ചുവട്ടിലാണ് വൃക്ഷപൂജ നടത്തിയത്.
തടിക്ക് സ്വീകരണം ബുധനാഴ്ച
രാവിലെ ഒമ്പതിന് നിരണം പള്ളിയുടെ മുന്നിൽനിന്ന സ്വീകരണ പരിപാടി ആരംഭിക്കും. ആദ്യകാല വള്ളംകളി താരങ്ങൾ ചേർന്ന് തടിക്ക് പൗരസ്വീകരണം നൽകും. ഒരോ കവലകളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാലിപ്പുരയിൽ എത്തിച്ചേരും. 2023ലെ നെഹ്റുട്രോഫിയിൽ പങ്കെടുക്കാൻ ലക്ഷ്യമിട്ടാണ് നിർമാണം. ഒരുകോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന്.
5000 മുതൽ അഞ്ചുലക്ഷം വരെയുള്ള ഓഹരികൾ വിറ്റാണ് പണം സ്വരൂപിക്കുന്നത്. പ്രവാസിയായ അടിവാക്കൽ റെജി പ്രസിഡന്റും, രക്ഷാധികാരി ഫാ. തോമസ് പുരക്കൽ, സെക്രട്ടറി അജിൽ പുരക്കൽ, ട്രഷറർ ജോബി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് നിരണം ചുണ്ടന്റെ നിർമാണ കമ്മിറ്റി പ്രവർത്തിക്കുന്നത്.
റോബി തോമസ്, റെന്നി തേവേരി, അജിൽ പുരയ്ക്കൽ, രതീഷ്കുമാർ, ജോബി ഡാനിയേൽ തുടങ്ങിയവർ വൃക്ഷ പൂജ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരണം ബോട്ട് ക്ലബാണ് ചുണ്ടൻവള്ളം ഒരുക്കുന്നത്.
നിർമാണ രീതി
ചുണ്ടൻവള്ളം നിർമിക്കുന്നത് മൂന്ന് പലകകൾ കൂട്ടിച്ചേർത്താണ്. മാതാവ് എന്ന രണ്ട് പലകകളും ഏരാവ് എന്ന പേരിലെ മറ്റൊരു പലകയും. വള്ളത്തിന്റെ ഇരുവശങ്ങളിലുമാണ് 'മാതാവ്' പലക പിടിപ്പിക്കുന്നത്. വള്ളം നിർമിക്കുന്നതിന് മുന്നോടിയായി മാവിൻതടിയിൽ അച്ചുണ്ടാക്കും. വള്ളത്തിന്റെ അകവശത്തിന്റെ അളവിലാണ് അച്ച് തയാറാക്കുക. ഇതിനുമീതെ ഒരുവശത്തെ മാതാവ് പലക ആദ്യം വെക്കും. തുടർന്ന് മാതാവ് പലകകൾക്കിടയിൽ 'ഏരാവ്' പലക ചേർക്കും.
വള്ളത്തിന് താഴെയുള്ള ഭാഗമാണ് ഏരാവ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ആകൃതിയിൽ തടി ചെത്തിയൊരുക്കിയാണ് ഏരാവ് തയാറാക്കുക. മൂന്ന് മീറ്ററിനുമേൽ വണ്ണവും 45 മുതൽ 50 അടി വരെ നീളവുമുള്ള ആഞ്ഞിലിത്തടിയാണ് വള്ളം നിർമിക്കാൻ ഉപയോഗിക്കുക. ഇത്തരം മൂന്നു തടികൾ ചേർത്താലെ ചുണ്ടൻവള്ളം നീറ്റിലിറക്കാൻ കഴിയുകയുള്ളൂ.
ഉയരത്തിൽ പ്ലാറ്റ്ഫോം കെട്ടി അറക്കവാൾകൊണ്ട് തൊഴിലാളികൾ ചേർന്നാണ് തടി അറത്തെടുക്കുന്നത്. വള്ളത്തിന്റെ ആകൃതിക്കനുസരിച്ച് കൂറ്റൻ തടി മുറിച്ചെടുക്കുന്നത് ശില്പിയുടെ മനക്കണക്കിന് അനുസരിച്ചാണ്. ഉമാമഹേശ്വരൻ എന്ന തച്ചനാണ് നിരണം ചുണ്ടൻ പണിയുന്നത്. ഇദ്ദേഹം നിർമിക്കുന്ന 12മത് ചുണ്ടനാണിത്. അച്ചിനുള്ള മാവിൻതടികളും പടങ്ങിനുള്ള തെങ്ങിൻതടികളും മാലിപുരയിൽ ഒരുക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.