വാരിക്കുഴികളൊരുക്കി സംസ്ഥാനപാത നിർമാണം
text_fieldsകോന്നി: നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്ന പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത വാരിക്കുഴികളൊരുക്കി യാത്രക്കാരെ വീഴ്ത്തുന്നു.കഴിഞ്ഞ ദിവസമാണ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കോന്നി മാരൂർ പാലം ഭാഗത്ത് റോഡിലെ കുഴിയിൽ വീണ് സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. രാജേഷിന് പരിക്കേറ്റത്.
ഇതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം കൊല്ലൻപടിയിൽ കാൽനട യാത്രക്കാരൻ മൂടി ഇല്ലാത്ത ഓടയിൽ വീണ് പരിക്കേറ്റിരുന്നു. കൊല്ലൻപടി കാക്കാന്റെ കിഴക്കേതിൽ സതീഷ് കുമാറിനാണ് (34) പരിക്കേറ്റത്. ലോറി ഡ്രൈവറായ ഇയാൾ ജോലി കഴിഞ്ഞ് വരും വഴി ഓടയിൽ വീഴുകയായിരുന്നു.
കൊല്ലൻപടിയിൽ ഇതേ സ്ഥലത്താണ് അരുവാപ്പുലം സ്വദേശിയായ വൃദ്ധൻ ബസ് ഇറങ്ങി വരും വഴി ഓടയിൽ വീണ് പരിക്കേറ്റത്. കോന്നി എലിയറക്കൽ ഭാഗത്ത് നിർമാണം നടക്കുന്ന സമയം റാന്നി സ്വദേശിയായ ദമ്പതികളും കുഞ്ഞും സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയിൽ വീണ് ആറ് മാസം പ്രായമായ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംസ്ഥാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാത്തത് നിരവധി അപകടങ്ങളാണ് കോന്നിയിൽ വരുത്തിയത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം ഉയർന്നു വന്നിരുന്നു. ജല അതോറിറ്റി റോഡിൽ എടുക്കുന്ന കുഴികളും യഥാസമയം നികത്താത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കോന്നി ട്രാഫിക് ജങ്ഷനിൽ എടുത്ത കുഴി മാസങ്ങൾ കഴിഞ്ഞാണ് അടച്ചത്. സംസ്ഥാന പാതയിലെ ഈ കുഴികൾ അടക്കുവാൻ അധികൃതർ തയാറായില്ലെങ്കിൽ നിരവധി അപകടങ്ങൾ ഇനിയും നടക്കാൻ സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.