മൈഗ്രേഷൻ കോൺക്ലേവിന്റെ തുടർച്ച; മണ്ഡലങ്ങൾ തോറും ജോബ് സ്റ്റേഷനുകൾ
text_fieldsപത്തനംതിട്ട: തിരുവല്ലയിൽ സംഘടിപ്പിച്ച മൈഗ്രേഷൻ കോൺക്ലേവിന്റെ തുടർച്ചയായി ജില്ലയിൽ നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഡി.ഡബ്ല്യു.എം.എസ്) രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിക്ക് രൂപം നൽകിയതായി കോൺക്ലേവ് സംഘാടക സമിതി ചെയർമാനും മുൻ ധനമന്ത്രിയുമായ ഡോ.ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിദേശത്തും നാട്ടിലുമുള്ള തൊഴിൽ ദാതാക്കളോടു ബന്ധപ്പെട്ട് തൊഴിൽ അവസരങ്ങൾ കണ്ടെത്തി അവക്കാവശ്യമായ നൈപുണി പരിശീലനം നൽകുന്നതിനാണ് പ്രധാന ലക്ഷ്യം. ആദ്യഘട്ടം എന്ന നിലയിൽ 5000 പേർക്ക് കെ.ഡിസ്കിന്റെ സഹായത്തോടെ തൊഴിൽ കണ്ടെത്തിയതായും തോമസ് ഐസക് പറഞ്ഞു. വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലുമുള്ള തൊഴിൽ അവസരങ്ങൾ ഇതിലുൾപ്പെടും.
ഡി.ഡബ്ല്യു.എം.എസിൽ രജിസ്റ്റർ ചെയ്ത ഏതൊരു ഉദ്യോഗാർഥിക്കും ജോലി ലഭ്യതക്ക് സഹായിക്കുന്നതിനായി ജില്ലയിലെ എല്ലാ നിയമസഭ മണ്ഡല പരിധിയിലും ഓരോ തദ്ദേശസ്ഥാപനത്തിൽ ജോബ് സ്റ്റേഷനുകൾ തുടങ്ങും. ഉദ്യോഗാർഥികൾക്ക് ഓൺലൈനായോ ജോബ് സ്റ്റേഷനുകളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ആഴ്ച തോറും ഉദ്യോഗാർഥികളെ തൊഴിലും നൈപുണിയും അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളായി തരംതിരിക്കുകയും ശില്പശാലകൾ നടത്തുകയും ചെയ്യും. പരിശീലനകേന്ദ്രങ്ങൾ ജില്ലയിൽ തന്നെയോ ചിലപ്പോൾ ജില്ലക്കോ സംസ്ഥാനത്തിനു പുറത്തോ ആകാം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുള്ള പകുതി ചെലവ് തദ്ദേശസ്ഥാപനം വഹിക്കുന്നതിലേക്ക് സർക്കാർ ഉത്തരവിറക്കും. പകുതി ചെലവ് ബാങ്ക് വായ്പയായി ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
പാലിയേറ്റിവ് പരിചരണം
മൈഗ്രേഷൻ കോൺക്ലേവിൽ നിന്ന് ഉരുത്തിരിഞ്ഞതിൻ പ്രകാരം പ്രവാസി കുടുംബങ്ങളിലെ വയോജനങ്ങൾക്കായി പ്രത്യേക പരിശീലനം നൽകിയ കെയർ ഗീവേഴ്സിനെ കുടുംബശ്രീ മുഖേന ജില്ലയിൽ നിയമിക്കും. വയോജന പരിശീലന പരിപാടി 16ന് ആരംഭിക്കും.
ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കെയർ ഹോമുകളുടെയും പാലിയേറ്റിവ് ചുമതലയിലുള്ള വയോജനങ്ങളെയും ഒരു സമഗ്ര ഗ്രിഡിൽ കൊണ്ടുവരുന്നതിനായി എൻ.എച്ച്.എച്ച് അംഗീകൃത സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തും.
സംരംഭകത്വ വികസനം
പ്രവാസി സഹായത്തോടെയുള്ള സംരംഭകത്വ വികസന പരിപാടികളുടെ തയാറെടുപ്പുകളുടെ ഭാഗമായി പറക്കോട് സർവിസ് സഹകരണ ബാങ്കിന്റെ കോപ് മാർട്ട്, ജില്ലയിലെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ഹോ ഷോപ്പി തുറക്കും.
കുടുംബശ്രീ നേതൃത്വത്തിലാണ് സംരംഭം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ, എഫ്.പി.സികളുടെ ഉൽപന്നങ്ങൾ, കോപ്മാർട്ട് ഉൽപന്നങ്ങൾഎന്നിവ ആവശ്യം അനുസരിച്ച് വീടുകളിൽ ലഭ്യമാക്കും.
വിദ്യാഭ്യാസ നിലവാരം ഉയർത്തും
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താൻ പ്രവാസി അക്കാദമികളുടെ ഡിജിറ്റൽ റിസോഫ്സ് പ്ലാറ്റ്ഫോമിനും രൂപം നൽകും. ഇതിലേക്ക് പൂർവ വിദ്യാർഥി സംഗമങ്ങൾ മൈഗ്രേഷൻ കോൺക്ലേവും പി.എം.യുവും അലുമ്നി അസോസിയേഷനും ചേർന്നു നടത്തും. നൈപുണി തൊഴിൽ പരിപാടി നോളജ് മിഷന്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വാർത്തസമ്മേളനത്തിൽ സാഹിത്യകാരൻ ബന്യാമിൻ, മുൻ എം.എൽ.എ എ. പത്മകുമാർ, സി.ഐ.ടി.യു നേതാവ് പി.ബി. ഹർഷകുമാർ, എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.