ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷനിൽ അഴിമതി -കോൺട്രാക്ടേഴ്സ് അസോസിയേഷൻ
text_fieldsപത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ ഡിവിഷൻ പ്രവർത്തനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഡിവിഷൻ രൂപവത്കരിച്ച ആദ്യത്തെ ആറുമാസം നല്ല രീതിയിൽ പ്രവർത്തനം നടന്നു. എന്നാൽ, ഇപ്പോഴത്തെ എക്സി. എൻജിനീയർ ചുമതലയേറ്റശേഷം ഓഫിസ് പ്രവർത്തനം അവതാളത്തിലായി. സത്യസന്ധമായി കരാറെടുത്ത് പൂർത്തീകരിച്ചവയുടെ ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത് ജോലിചെയ്യുന്ന സാധാരണക്കാരായ കരാറുകാരാണ് ഇവിടെയുള്ളത്. 2019 മുതൽ കഴിഞ്ഞ മാസംവരെ 50 കോടിയുടെ കുടിശ്ശികയുണ്ട്. എല്ലാ മേഖലയിലും ആധുനീകരണ നടപടികൾ കൈക്കൊള്ളുമ്പോഴും ദേവസ്വം ബോർഡിൽ ഇ-ടെൻഡർ നടത്താത്തത് ചില ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. ഇത് അഴിമതിക്ക് കളമൊരുക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
ഇലക്ട്രിക് മേഖലയിൽ ബന്ധപ്പെട്ട എക്സി. എൻജിനീയർ ഏകാധിപതിയെപ്പോലെ പെരുമാറുകയാണ്. നിശ്ചിത സമയപരിധിയിൽ ടെൻഡർ നടത്താതെ വെള്ളക്കടലാസിൽ എഗ്രിമെന്റ് വെച്ച് ജോലികൾ ചെയ്യിപ്പിക്കുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. ഇതു കാരണം കരാറുകാർക്ക് കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം നൽകുന്നതിനു തടസ്സമുണ്ടാകുന്നു.
പല ജോലികളുടെയും വിവിധ അനുമതികൾ പോലും ലഭ്യമാക്കാതെയാണ് ശബരിമല സീസണിന്റെ പേരിൽ നിർവഹണം നടത്തുന്നത്. ഇതുവരെ ജോലി ചെയ്ത മൈക്ക് സെറ്റ്, ഇല്യൂമിനേഷൻ എന്നീ വർക്കുകൾക്ക് ദേവസ്വം ബോർഡ് കരാറുകാരെ ഓരോ നിയമങ്ങൾ കൊണ്ടുവന്ന് ഒഴിവാക്കി ബിനാമികളെ ജോലി ഏൽപിക്കുന്നതും ഇവിടെ പതിവായി. നിരന്തരമായി ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡിലും ചീഫ് എൻജിനീയർക്കും പരാതി നൽകിയിട്ടും നടപടിയില്ല. ക്ഷേത്രങ്ങൾ, ദേവസ്വം കെട്ടിടങ്ങൾ തുടങ്ങി വൈദ്യുതി സംവിധാനത്തിലുള്ള അടിയന്തര തകരാറുകൾ പരിഹരിക്കുന്നതിന് അപേക്ഷകൾ കൂടിവരുമ്പോൾ നടപടിയുമില്ലാത്ത സംവിധാനമായി ഇലക്ട്രിക് ഡിവിഷൻ മാറി.
ഇലക്ട്രിക് ഡിവിഷൻ എക്സി. എൻജിനീയറെ ചുമതലയിൽനിന്ന് മാറ്റിനിർത്തി പകരം സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മൂന്നിനു രാവിലെ 11ന് ചെങ്ങന്നൂരിൽ ഇലക്ട്രിക്കൽ വിഭാഗം എക്സി. എൻജിനീയറുടെ ഓഫിസ് പടിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ സൂചന സമരം നടത്തും. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണൻകുട്ടി, വർക്കിങ് പ്രസിഡന്റ് ചവറ വിജയകുമാർ, ചെങ്ങന്നൂർ ഡിവിഷൻ പ്രസിഡന്റ് ടി.ഡി. ശരത് ചന്ദ്രൻ, ജനറൽ കൺവീനർ കെ.ജി. രാജു, സെക്രട്ടറി എം.കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.