ഉൽപാദനച്ചെലവ് താങ്ങാനാകുന്നില്ല; നട്ടംതിരിഞ്ഞ് ക്ഷീര കർഷകർ
text_fieldsപത്തനംതിട്ട: സർക്കാറിന്റെ വിപണി ഇടപടൽ ഇല്ലത്തതിനാൽ ഉൽപാദനച്ചെലവ് വർധിച്ച് ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. പശുവിനെ വളർത്തി പാൽ ക്ഷീര സംഘങ്ങളിൽ വിറ്റുകിട്ടുന്ന വരുമാനംകൊണ്ട് കർഷകർക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ്. നട്ടംതിരിയുന്ന കർഷകർക്ക് രക്ഷാമാർഗമൊരുക്കാൻ ഫലപ്രദമായ നടപടികളൊന്നും ക്ഷീര വികസന വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
പാൽ വിൽക്കുമ്പോൾ ഗുണമേന്മ അനുസരിച്ചുള്ള വിലയാണ് ക്ഷീര സംഘങ്ങളിൽനിന്ന് കർഷകന് ലഭിക്കുന്നത്. ക്ഷീര സംഘമാകട്ടെ പാൽ വിൽക്കുമ്പോൾ ഗുണമേന്മയുടെ ഏറ്റക്കുറച്ചിൽ നോക്കാതെ ഏകീകരിച്ച ഉയർന്ന വിലയും ഈടാക്കുന്നു. ഉയർന്ന വിലയ്ക്ക് ക്ഷീരസംഘങ്ങൾ പാൽ വിൽക്കുമ്പോൾ അതിന്റെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കർഷകരെ ചേർത്താണ് ക്ഷീര സംഘങ്ങൾ രൂപവത്കരിച്ചിട്ടുള്ളതെങ്കിലും നാമമാത്ര ഇൻസെന്റിവാണ് അംഗങ്ങൾക്കു ലഭിക്കുന്നത്.
50 കിലോയുടെ ഒരുചാക്ക് കാലിത്തീറ്റക്ക് ഇപ്പോൾ വില 1425 രൂപയായി. ഏതാനും മാസം മുമ്പ് വരെ 900 രൂപയായിരുന്നു. പല തവണയായി 500 രൂപയിലേറെ വില കൂടിയിട്ടും കർഷകന് ലഭിക്കുന്ന പാൽ വിലയിൽ വർധനയില്ല. കൊപ്ര പിണ്ണാക്കിന് ഒരു ചാക്കിന് 1800 രൂപയായി ഉയർന്നു.
അടുത്തിടെ 200 രൂപയാണ് വർധിച്ചത്. ക്ഷീര വികസന വകുപ്പിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന സബ്സിഡിയും ആനുകൂല്യങ്ങളും നൽകാതായതോടെ പ്രതിസന്ധി രൂക്ഷമായെന്ന് കർഷകർ പറയുന്നു. ക്ഷീര വികസന വകുപ്പ് ഒരു ലിറ്റർ പാലിന് ഒരുരൂപയും തദ്ദേശ സ്ഥാപനങ്ങൾ ലിറ്ററിന് മൂന്ന് രൂപയും ഇൻസെന്റിവ് നൽകി വന്നിരുന്നു.
ക്ഷീര സംഘങ്ങൾ സബ്സിഡിയോടെ വിതരണം ചെയ്യുന്ന കാലിത്തീറ്റക്ക് ഗുണനിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പൊതുവിപണിയിൽ ലഭിക്കുന്ന കാലിത്തീറ്റയെ സംബന്ധിച്ചും കർഷകർക്ക് വിശ്വാസക്കുറവുണ്ട്.
കൊഴുപ്പില്ലാത്ത ഒരു ലിറ്റർ പാലിന് ക്ഷീരസംഘങ്ങൾ കർഷകന് നൽകുന്നത് 35 മുതൽ 38 രൂപ വരെയാണ്. കൊഴുപ്പുള്ളതിന് 42 രൂപ നൽകും. കർഷകനിൽനിന്ന് രണ്ടുതരം വിലയ്ക്ക് പാൽ എടുക്കുന്ന ക്ഷീര സംഘങ്ങൾ കൊഴുപ്പിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ ലിറ്ററിന് 56 മുതൽ 60 രൂപക്ക് വരെ വിൽക്കുന്നുണ്ട്. ഒരു ലിറ്റർ പാലിന് ശരാശരി 18 രൂപ വരെയാണ് സംഘങ്ങൾക്ക് ലാഭം.
ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകരുടെ എണ്ണം കുറഞ്ഞുവരുകയാണ്. പശുവളർത്തൽ നഷ്ടമെന്ന പേരിൽ പലരും ഇത് ഉപേക്ഷിച്ചു. വീടുകളിൽ പശുവിനെ വളർത്തി പാൽ ശേഖരിച്ച് സംഘങ്ങളിൽ അളന്നുവന്നവരുടെ എണ്ണത്തിലാണ് കുറവുണ്ടായത്.
ഇതുമൂലം പല സംഘങ്ങളിലും വിൽപന കുറഞ്ഞു. മിൽമക്ക് നൽകാനും പലയിടത്തും പാൽ തികയുന്നില്ല. വൈകുന്നേരങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള ഘടകങ്ങൾ സാധാരണ കർഷകരെ ബാധിച്ചിട്ടുണ്ട്. വരവും ചെലവും തമ്മിൽ കൂട്ടിമുട്ടാതെ വന്നതോടെ ഏറെപ്പേരും പശു വളർത്തൽതന്നെ അവസാനിപ്പിച്ചമട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.