വോട്ടെണ്ണല്‍: ക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍
text_fieldsപത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സജ്ജീകരിക്കുന്ന ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടുകളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്ര കുറുപ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ടെണ്ണല്‍ ദിവസം തപാല്‍ വോട്ടുകള്‍ രാവിലെ എട്ടിനു തന്നെ എണ്ണിത്തുടങ്ങും. 8.30 ന് ഇ.വി.എമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് കൗണ്ടിംഗ് ഹാളുകളിലായി 28 ടേബിളുകളും സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിന് ഒരു കൗണ്ടിംഗ് ഹാളില്‍ ഏഴു ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. സര്‍വീസ് വോട്ടുകളുടെ ക്യൂ ആര് കോഡ് സ്കാനിംഗിനായി ഒരു ഹാളില്‍ 14 ടേബിളുകളാണ് ഒരുക്കിയിട്ടുള്ളത്.
വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിന്റെ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയായി. മൂന്നാംഘട്ട പരിശീലനം ജൂണ്‍ ഒന്നിന് നടക്കും. ഒരു സ്ഥാനാര്‍ഥിയ്ക്ക് 154 കൗണ്ടിംഗ് ഏജന്റമാരെ നിയമിക്കാം. ഓരോ സ്ഥാനാര്‍ഥിയ്ക്കും ചീഫ് ഇലക്ഷന് ഏജന്റിനും റിട്ടേണിംഗ് ഓഫീസറുടെ ടേബിളില്‍ കൗണ്ടിംഗ് പ്രക്രിയ വീക്ഷിക്കാം. കൗണ്ടിംഗ് ഏജന്റുമാരെ അവര്‍ക്കായി അനുവദിച്ചിട്ടുള്ള എല്‍എസി/ടേബിള്‍ നമ്പര്‍ വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കുന്നതല്ല.
കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് കൗണ്ടിംഗ് ഹാളിനു വെളിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഏജന്റ് ഐ.ഡി കാര്‍ഡും ഫോറം 18 ന്റെ പകര്‍പ്പും കയ്യില്‍ സൂക്ഷിക്കണം. കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുമ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ അനുവദിക്കുന്ന ബാഡ്ജ് കയ്യില്‍ കരുതണം.
ജൂണ്‍ നാലിന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി
പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹ്നങ്ങള്‍ ഒന്നും കടത്തിവിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ ഇടാന്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന് ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന് കമീഷന് നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.
വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക റൂം ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.
വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണമായി പകര്‍ത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ അനുവാദമില്ല. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത ദൂരപരിധിയില്‍നിന്ന് പൊതുവായുള്ള ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടാവും.
ഏതു സാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല. കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ നല്‍കാനായി മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ ഫലം തല്‍സമയം അപ്ലോഡ് ചെയ്യുന്നത് എന്‍കോര്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.