അന്തർസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നിലച്ചു
text_fieldsപന്തളം: അന്തർസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച തൊഴിൽ വകുപ്പിന്റെയും പൊലീസിന്റെയും കണക്കെടുപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ ദിവസേന കൂട്ടത്തോടെയാണ് തൊഴിലാളികൾ ജില്ലയിലേക്ക് എത്തുന്നത്. സംസ്ഥാനത്തേക്ക് വൻതോതിൽ അന്തർസംസ്ഥാന തൊഴിലാളികൾ പ്രവഹിച്ചതോടെ മുൻ സർക്കാറിന്റെ കാലത്ത് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഇതിനിടെ ഇവരിൽനിന്നുള്ള ക്രമസമാധാന പ്രശ്നവും അടുത്തിടെ ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിനും പിന്നാലെ പൊലീസും കണക്കെടുപ്പിന് രംഗത്തിറങ്ങിയിരുന്നു. എന്നാൽ, ഇരു വകുപ്പുകളുടെയും കണക്കെടുപ്പ് നിലച്ചു. ജില്ലയിലെ എല്ലാ പ്രധാന നഗരങ്ങളിലും പരിസരങ്ങളിലും ഈ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വ്യാപാര സ്ഥാപനങ്ങൾപോലും പ്രവർത്തിക്കുന്നത്. ഇതിനിടെ തൊഴിലാളികൾ വഴി ലഹരി കടത്തും വൻതോതിൽ അടുത്തിടെയായായി പിടിക്കപ്പെട്ടിരുന്നു. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രണ്ട് വർഷത്തിനിടയിൽ നടന്ന കൊലക്കേസുകളിൽ ഇവർ പ്രതികളായിട്ടുണ്ട്.
താമസം ശോചനീയം
മുമ്പ് പശ്ചിമബംഗാളിൽനിന്ന് മാത്രമായി തൊഴിലാളികൾ എത്തിയിരുന്നിടത്ത് ഒഡിഷ, അസം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി പേർ ജില്ലയിൽ താമസിക്കുന്നുണ്ട്. ഇവർക്കായി നിർമിച്ച പല കെട്ടിടങ്ങളും ശോച്യാവസ്ഥയിലാണ്. ഇടുങ്ങിയ മുറിയിൽ പത്തിലേറെ ആളുകളെ വരെ താമസിപ്പിക്കുന്നുണ്ട്. പന്തളം നഗരസഭ പരിധിയിൽ കടയക്കാട്, തോന്നല്ലൂർ, ഉളമ, മുട്ടാർ, മങ്ങാരം, തുടങ്ങി വിവിധ സ്ഥലങ്ങളിൽ വീടുകളുടെ ടെറസിനുമുകളിൽ ഷീറ്റ് മറച്ച് മുറികളുണ്ടാക്കിയാണ് കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നത്. ഒരു സംവിധാനവുമില്ലാതെ, വാടക മാത്രം ലക്ഷ്യമാക്കിയാണ് പലരും ഇവരെ പാർപ്പിച്ചിരിക്കുന്നത്. എവിടത്തുകാരാണെന്നോ ഇവരെക്കുറിച്ചുള്ള രേഖകളോ കെട്ടിട ഉടമകൾക്ക് അറിയില്ല. ഇവർ എവിടെയാണ് പോകുന്നതെന്നോ എപ്പോഴാണ് വരുന്നതെന്നോ അറിയാൻപോലും കെട്ടിട ഉടമകൾ ശ്രമിക്കാറില്ല. അടുത്തിടെ ആരോഗ്യ വകുപ്പ് വാടക കേന്ദ്രങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് കെട്ടിട ഉടമകൾക്ക് താമസക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് മനസ്സിലായത്. വാടകക്ക് നൽകാനുള്ള നഗരസഭയുടെയോ ആരോഗ്യ വകുപ്പിന്റെയോ അനുമതി പല കെട്ടിട ഉടമകൾക്കും ഇല്ല. ഏതാനും കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ഫോട്ടോയും മറ്റും നൽകി രജിസ്റ്റർ ചെയ്തെങ്കിലും കൂടുതൽ പേരും എത്തിയില്ല. സ്ഥിരമായി ഇവർ എവിടെയും ജോലിക്ക് നില്ക്കാത്തതിനാലാണ് പലരും വിവരങ്ങൾ നല്കാനായി സ്റ്റേഷനിൽ എത്താതിരുന്നത്.
തൊഴിലാളികളിൽ കുട്ടികളും
തൊഴിലാളികളിൽ കുട്ടികൾ വരെയുണ്ടെന്നാണ് വിവരം. ഒപ്പം വരുന്ന സ്ത്രീകളെ ചിലർ അനാശാസ്യത്തിനും ഉപയോഗിക്കുന്നുമുണ്ട്. പന്തളത്തെ വിവിധ ലോഡ്ജുകളിൽനിന്നും കഴിഞ്ഞ ആറു മാസത്തിനിടയിൽ നിരവധി കഞ്ചാവ് കേസ് എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത തൊഴിലാളികളെ വേണ്ട സഹായം ചെയ്തു പുറത്തിറക്കാൻ പ്രത്യേക മാഫിയതന്നെ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.