ബി പോസിറ്റിവ് സെൻററുമായി ഇരവിപേരൂര്‍
text_fieldsപത്തനംതിട്ട: 100 കിടക്കയുള്ള കോവിഡ് പ്രഥമതല ചികിത്സകേന്ദ്രം ഇരവിപേരൂരില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
സൗകര്യങ്ങള്‍ ഒരുക്കിയതിനാൽ ബി പോസിറ്റിവ് സെൻറര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായി ലഭിച്ച യാഹിര്‍ കണ്വെന്ഷന് സെൻററിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക ക്രമീകരണങ്ങളോടെ ചികിത്സകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
രോഗീപരിചരണത്തിന് ആഷാ സാഫി എന്ന പേരുള്ള റോബോട്ട് നഴ്സ്, പുരുഷന്മാര്ക്ക് പുതുതായി ആറ് ശൗചാലയം, മാലിന്യ സംസ്കരണത്തിന് ഇന്‍സിനറേറ്റര്‍, ഫാര്‍മസി, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ചികിത്സയിലുള്ളവരുടെ മാനസിക ഉല്ലാസത്തിന് കാരംസ് ബോര്‍ഡ്, ടി.വി, സൗജന്യ വൈ-ഫൈ കണക്ഷൻ, പുസ്തകങ്ങൾ, മാസികകൾ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
പൊതുസമൂഹത്തില്‍നിന്ന് കണ്ടെത്തിയ 118 കട്ടിലുകളില്‍ 104 എണ്ണം രോഗികള്‍ക്കായി താഴത്തെ നിലയിലും 14 എണ്ണം സ്ത്രീ-പുരുഷ ജീവനക്കാര്‍ക്കായി ഒന്നാംനിലയിലും സജ്ജമാക്കി. ഇതിനുവേണ്ട ബെഡ്, ഷീറ്റ്, തലയണ എന്നിവയും സംഭാവനയായി ലഭിച്ചു.
പഞ്ചായത്തില്‍ വള്ളംകുളത്ത് സ്ഥിതിചെയ്യുന്ന കാര്‍ത്തിക നായര്‍ എൻ.എസ്.എസ് ആയുര്‍വേദ ആശുപത്രി, ബദ്സയിദ ആശുപത്രി, ഇരവിപേരൂർ സെൻറ് മേരീസ് ആശുപത്രി, സെൻറ് മേരീസ് ജീഡിയാട്രിക് സെൻറർ, സെൻറ് മേരീസ് ആശുപത്രി നന്നൂർ, കുമ്പനാട് ഫെലോഷിപ് ആശുപത്രി എന്നിവയെ കൂടാതെ വാര്‍ഡുകളില്‍നിന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബെഡ് ചലഞ്ചിലൂടെ കണ്ടെത്തിയതും അടക്കമാണ് 118 കട്ടിൽ ലഭിച്ചത്.
പ്രവര്‍ത്തനം ആരംഭിച്ച് നാലുദിവസത്തിനകം 85 പേരെയാണ് പ്രവേശിപ്പിച്ചത്. ജീവനക്കാരും രോഗികളും അടക്കമുള്ള 97പേര്‍ക്ക് മൂന്നുനേരത്തേക്കുള്ള ഭക്ഷണം കമ്യൂണിറ്റി കിച്ചണില്‍നിന്നാണ് എത്തിക്കുന്നത്.
ഇതിന് പിന്തുണച്ചവര്ക്കും സഹായിച്ചവര്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസൂയദേവി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.