പത്തനംതിട്ടയിൽ 12,802 രോഗികളുള്ളതില്‍ 11,185 പേരും വീടുകളിൽ ചികിത്സയിലാണ്
text_fieldsപത്തനംതിട്ട: കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഗൃഹചികിത്സക്ക് പരിഗണിക്കുന്നത്. ജില്ലയില്‍ 12,802 രോഗികളുള്ളതില്‍ 11,185 പേരും ഗൃഹചികിത്സയിലാണുള്ളത്. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സൗകര്യം ഉറപ്പാക്കിയശേഷം മെഡിക്കല്‍ ഓഫിസറുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിെൻറ അടിസ്ഥാനത്തിലാണ് ഗൃഹചികിത്സയിലിരുത്തുന്നത്.
ഗൃഹചികിത്സയിലുള്ള രോഗബാധിതര്‍ താമസിക്കുന്ന വീടുകളില്‍നിന്നും 60ന് മുകളില്‍ പ്രായമുള്ളവരെയും ഗുരുതര രോഗം ബാധിച്ചവരെയും 10നു താഴെയുള്ള കുട്ടികളെയും മാറ്റി താമസിപ്പിക്കേണ്ടതാണ്. അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തണം. അത്യാവശ്യഘട്ടത്തില്‍ വീട്ടിലേക്ക് വാഹനമെത്താനുള്ള വഴി, മൊബൈല്‍ ഫോണ്‍ സൗകര്യം, അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള മുറിയോ, രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറിയോ ഉണ്ടായിരിക്കണം.
വീട്ടില്‍ കഴിയുന്ന രോഗികള്‍ സമീകൃതാഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നന്നായി വിശ്രമിക്കണം, ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം. അപകട സൂചനകളായ ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, മൂക്കില്‍നിന്ന് രക്തം, അതിയായ ക്ഷീണം, രക്തസമ്മര്‍ദം കുറഞ്ഞ് മോഹാലസ്യം, കിതപ്പ് ഇവ കണ്ടാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെയോ, ഡോക്ടറെയോ വിവരം അറിയിക്കുക.
വീടുകളില്‍ വ്യക്തിശുചിത്വം പാലിക്കണം. നിത്യോപയോഗ സാധനങ്ങള്‍, വീട്ടിലെ മറ്റു വസ്തുക്കള്‍ എന്നിവ പങ്കിടരുത്. എല്ലാവരും മൂന്നുലയറുള്ള മാസ്ക് ശരിയായ രീതിയില്‍ ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. ജൈവമാലിന്യം മണ്ണില്‍ കുഴിച്ചിടുക. അജൈവ മാലിന്യം സുരക്ഷിതമായി കത്തിച്ചുകളയണം. ഗൃഹചികിത്സയിലുള്ള രോഗബാധിതര്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഫോണ്‍ വിളികളോട് കൃത്യമായി പ്രതികരിക്കുകയും സഹകരിക്കുകയും വേണം. ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യകേന്ദ്രവുമായോ പഞ്ചായത്ത്തല കണ്ട്രോള് റൂമുകളുമായോ വാര്‍ഡ്തല ആര്.ആര്.ടിയുമായോ ജില്ല കണ്ട്രോള് റൂമുമായോ ബന്ധപ്പെടാം.
ജില്ല കണ്ട്രോള് റൂം നമ്പര്‍: 0468 2228220, 0468 2322515. മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് 8281113911 എന്നീ നമ്പറിലേക്ക് വിളിക്കാം.
പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം
ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ദിവസവും പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ ലെവലും പള്‍സ് റേറ്റും എഴുതി സൂക്ഷിക്കണം. ഓക്സിജന്‍ ലെവല്‍ നോക്കാന്‍ അഞ്ച് മിനിറ്റ് വിശ്രമിച്ചശേഷം ഏതെങ്കിലും ഒരുകൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സിമീറ്റര്‍ ഘടിപ്പിക്കുക. ഓക്സിജെൻറ അളവും പള്‍സ് റേറ്റും നോക്കി രേഖപ്പെടുത്തി െവക്കുക.
ഓക്സിജെൻറ അളവ് 94ശതമാനത്തില്‍ കുറവാണെങ്കില്‍ 15 മിനിറ്റിനുശേഷം വീണ്ടും ആവര്‍ത്തിക്കുക. തുടര്‍ച്ചയായി 94ല്‍ കുറവാണെങ്കിലും ഹൃദയമിടിപ്പ് 95ല്‍ അധികമാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.