കോവിഡ് പ്രതിരോധം; ജില്ല പഞ്ചായത്തിന് 1.50 കോടിയുടെ പദ്ധതി
text_fieldsപത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് ആദ്യ ഘട്ടമെന്ന നിലയില്‍ ഒന്നരക്കോടിയുടെ പദ്ധതി അംഗീകരിച്ചു. ആരോഗ്യ വകുപ്പുമായും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രോജക്ടുകള്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്കുന്ന കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഈ ആവശ്യത്തിലേക്ക് മാര്‍ച്ച് 31 വരെ ജില്ല പഞ്ചായത്ത് 73 ലക്ഷം രൂപ ചെലവഴിച്ചു. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ പുതിയ പ്രോജക്ടുകള്‍ നടപ്പാക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് സംഭാവന നല്കി. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനും അതിെൻറ സ്ഥിരമായ ലഭ്യത ഉറപ്പുവരുത്താനുമായി കോഴഞ്ചേരി ജില്ല ആശുപത്രി വക സ്ഥലത്ത് 50 ലക്ഷം രൂപ ചെലവില്‍ ജില്ല പഞ്ചായത്ത് ഓക്സിജന്‍ നിര്‍മാണ പ്ലാൻറ് സ്ഥാപിക്കും. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉൽപാദിപ്പിക്കാന് കഴിയുന്ന പ്ലാൻറാണിത്. കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നോണ്‍-ഇന്‍വേസിവ് വെൻറിലേറ്ററുകള്‍ സ്ഥാപിക്കും. കിടപ്പ് രോഗികള്‍ക്ക് വാക്സിനേഷന് നടത്തുന്നതിനായി അഞ്ചു ലക്ഷം രൂപയും അനുവദിച്ചു.
ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് സെൻററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിനെട്ടായിരത്തിലധികം കിടപ്പു രോഗികള്‍ ഉണ്ട്.
ഇവര്‍ക്ക് പരിചരണവും മരുന്നുകളും ഈ സെൻററുകള്‍ വഴി നല്‍കുന്നുണ്ട്. എല്ലാവര്ക്കും കോവിഡ് വാക്സിനേഷന് നടത്താന്‍ ജില്ല പഞ്ചായത്തിെൻറ ചുമതലയില്‍ മൂന്ന് മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കും. കോഴഞ്ചേരി ജില്ല ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിന് 18 ലക്ഷം രൂപ അനുവദിച്ചു. ഇത് ഹോസ്പിറ്റല്‍ മാനേജ്മെൻറ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.
ഈ പദ്ധതികള്‍ കൂടാതെ ജില്ല പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്തുകളെയും നഗരസഭകളെയുംകൂടി യോജിപ്പിച്ച് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനും ജില്ലപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.