രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണം -മന്ത്രി വീണാ ജോര്‍ജ്
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയുടെ കോവിഡ് അവലോകന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. ആളുകളുടെ സഞ്ചാരം കൂടിയ ജില്ല എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്ലാന്റുകള്‍ ഇനിയും സ്ഥാപിക്കാനുള്ള സ്ഥലങ്ങളില്‍ അതിനുള്ള നടപടി വേഗത്തിലാക്കും.
പീഡിയാട്രിക് ഐ.സി.യു ഫെബ്രുവരി 15ഓടെ പ്രവര്‍ത്തനം തുടങ്ങും. കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തേടുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരുടെ നേതൃത്വത്തില്‍ 22ന് ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.
കോവിഡ് പോസിറ്റീവായിട്ടും സമ്പർക്കവിലക്കിൽ ഇരിക്കാതെ മറച്ചുവെക്കുന്നവര്‍ക്കും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും മറച്ചുവെക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി, എ.ഡിഎം അലക്സ് പി.തോമസ്, ഡി.ഡി.പി കെ.ആര്. സുമേഷ്, എന്‍.എച്ച്.എം ഡി.പി.എം ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.