സഹകരണ ബാങ്കുകളിലെ അഴിമതി സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ സി.പി.ഐ
text_fieldsപത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തിന് മാനക്കേടായി ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐ. വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ, കത്തു നൽകിയെങ്കിലും ചർച്ചചെയ്യാതെ സി.പി.എം നേതൃത്വം ഒഴിഞ്ഞുമാറുകയാണ്.
നടപടി ഉണ്ടാകുന്നില്ലെങ്കിൽ വിഷയം പരസ്യമായി ഉന്നയിക്കാനും സി.പി.ഐ തയാറായേക്കും. ഏറ്റവും ഒടുവിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പ്രസിഡന്‍റായ മൈലപ്ര സഹകരണ ബാങ്കിൽനിന്ന് പുറത്തുവന്ന അഴിമതി കഥകൾ മുന്നണിക്കുതന്നെ വലിയ മാനക്കേടായി. പ്രസിഡന്‍റിനെ സംരക്ഷിക്കുന്ന പാർട്ടി സമീപനത്തിൽ സി.പി.എമ്മിൽനിന്ന് തന്നെ പ്രതിഷേധമുണ്ടായി. സി.പി.എമ്മിന്‍റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ച് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തി. ഇതിനെ തുടർന്ന് പൊലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്.
സി.പി.ഐയും ബാങ്കിലേക്ക് മാർച്ച് തീരുമാനിച്ചെങ്കിലും സി.പി.എം ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. അഴിമതിയും കെടുകാര്യസ്ഥയതും മൂലം നിരവധി ബാങ്കുകൾ തകരുകയോ തകർച്ച നേരിടുകയോ ചെയ്യുമ്പോഴും പലസ്ഥലത്തും വേണ്ടത്ര ആലോചനയില്ലാതെ അഴിമതിയും നിയമനവും മാത്രം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണ മേഖലയിലെ അഴിമതി ഉയർത്തി സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താൻ സി.പി.ഐ നീക്കം ശക്തമാക്കിയിരിക്കുന്നത്.
അകൽച്ച വർധിപ്പിച്ച് അങ്ങാടിക്കൽ ബാങ്ക്
ജില്ലയിൽ സി.പി.എം-സി.പി.ഐ അകൽച്ച കൂടാൻ ഇടയാക്കിയത് അങ്ങാടിക്കൽ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. സി.പി.ഐ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കാമെന്ന് സി.പി.എം നേതൃത്വം ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരാൾക്കെതിരെയും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല സീതത്തോട് ബാങ്കിൽ സി.പി.ഐയെ ഒഴിവാക്കി മത്സരിക്കുകയും ചെയ്തു. അവിടെയും ബാങ്കിന്‍റെ പ്രവർത്തനം സംബന്ധിച്ച് വലിയ ആരോപണങ്ങളാണ് നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.