പന്തളം നഗരസഭയിലേക്ക് മാർച്ചുമായി സി.പി.എമ്മും യു.ഡി.എഫും
text_fieldsപന്തളം: നഗരസഭ ഒന്നാംവാർഡ് കൗൺസിലറായ ബി.ജെ.പിയുടെ സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സി.പി.എം, യു.ഡി.എഫ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ നഗരസഭ കവാടം പൂർണമായും ഉപരോധിച്ചു.
ജീവനക്കാരെയും ജനപ്രതിനിധികളെയും നഗരസഭയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. രാവിലെ മുതൽ പ്രധാന ഗേറ്റിൽ ഉപരോധം ആരംഭിച്ച സി.പി.എം രാവിലെ 11ന് പ്രകടനവുമായി എത്തിയതോടെ ഉപരോധം കൂടുതൽ ശക്തമാക്കി. സമീപ ഓഫിസുകളിലേക്കുപോലും ആരെയും കടത്തിവിടാതെ ഓഫിസിലേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയായിരുന്നു. ഓഫിസിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പാർട്ടി പ്രവർത്തകർ ജീവനക്കാരെ ആരെയും ഓഫിസിലേക്ക് കടക്കാൻ അനുവദിച്ചതുമില്ല. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം ഇ. ഫസൽ അധ്യക്ഷതവഹിച്ചു.
ആരോപണവിധേയായ വനിത കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്നും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു. സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, ജില്ല കമ്മിറ്റി അംഗം ലസിതനായർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ രാധ രാമചന്ദ്രൻ, എച്ച്. അൻസാരി, എച്ച്. നവാസ്, പ്രസന്നൻ, അബീഷ്, പ്രദീപ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
സി.പി.എം ഉപരോധം ആരംഭിച്ച് അരമണിക്കൂർ പിന്നിട്ടപ്പോൾ യു.ഡി.എഫ് പ്രവർത്തകർ പ്രകടനവുമായി നഗരസഭ കവാടത്തിലേക്ക് എത്തി. പ്രകടനം നഗരസഭയുടെ പ്രധാന ഗേറ്റിന് അകലെ പൊലീസ് ബാരിക്കേഡുകൾവെച്ച് തടഞ്ഞു. യു.ഡി.എഫ് പന്തളം, കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ ബി.ജെ.പി കൗൺസിലർ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.ഫ് കൺവീനർ ജി. അനിൽകുമാർ, പഴകുളം ശിവദാസൻ, കെ.ആർ. രവി, അഡ്വ. ഡി.എൻ. തൃദീപ്, സഖറിയ വർഗീസ്, എ. നൗഷാദ് റാവുത്തർ, കെ.ആർ. വിജയകുമാർ, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. മൻസൂർ കുട്ടനയ്യത്ത്, ജോൺ തുണ്ടിൽ, ശാന്തി സുരേഷ്, മജീദ് കോട്ടവീട്, മുഹമ്മദ് മാലിക്, ബിജു മങ്ങാരം തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തെ നേരിടാൻ വൻ സുരക്ഷ സന്നാഹമാണ് പൊലീസ് ഒരുക്കിയത്. ഇതേവിഷയം ഉന്നയിച്ച് തിങ്കളാഴ്ച യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കും.
പന്തളം നഗരസഭയിലെ ഒന്നാംഡിവിഷനിലെ ബി.ജെ.പി കൗൺസിലർ സൗമ്യ സന്തോഷ് പട്ടികജാതിക്കാർക്ക് വസ്തു വാങ്ങുന്നതിനുള്ള ആനുകൂല്യത്തിൽനിന്ന് 35,000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചായിരുന്നു സമരം. എന്നാൽ, പരാതിക്കാരി പരസ്യമായി ഇതുവരെയും രംഗത്തെത്തിയിട്ടില്ല. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയം പുറത്തുകൊണ്ടുവന്ന യു.ഡി.എഫ് കൗൺസിലർ കെ.ആർ. വിജയകുമാറിനെതിരെ നിരവധി ആരോപണമടങ്ങിയ ശബ്ദ സംഭാഷണവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആരോപണവിധേയായ കൗൺസിലർ സൗമ്യ സന്തോഷിന്റേതാണ് വെളിപ്പെടുത്തലുകൾ.
അതേസമയം, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ കൗൺസിലർ സൗമ്യ സന്തോഷ് ഉൾപ്പെട്ട എട്ടംഗസംഘം ഉത്തർപ്രദേശിലെ ഉജ്ജയിനിയിൽ ക്ഷേത്ര നഗരിയെക്കുറിച്ച് പഠിക്കാൻ പോയിരിക്കുകയാണ്. ഈ മാസം എട്ടിനേ സംഘം മടങ്ങിയെത്തൂ.
സമരം നേരിടാൻ വൻ സന്നാഹവുമായി പൊലീസ്
പന്തളം: നഗരസഭയിലെ ബി.ജെ.പി കൗൺസിലർ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സി.പി.എമ്മും യു.ഡി.എഫും നഗരസഭയിലേക്ക് നടത്തിയ മാർച്ച് നേരിടാൻ പൊലീസ് വൻ സുരക്ഷ സന്നാഹമാണ് പന്തളത്ത് ഒരുക്കിയത്. പന്തളത്തിന് പുറമേ അടൂർ, കൊടുമൺ, ഏനാത്ത് സ്റ്റേഷനുകൾ കൂടാതെ ജില്ല പൊലീസ് ചീഫിന്റെ പ്രത്യേക പൊലീസ് സംഘവും രാവിലെ തന്നെ നഗരസഭ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. അടൂർ എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, പന്തളം എസ്.എച്ച്.ഒ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ എ.ആർ ക്യാമ്പിൽനിന്ന് പൊലീസ് എത്തിയതോടെ നഗരസഭയും പരിസരവും കനത്ത സുരക്ഷവലയത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.