'വല്യേട്ട'നുമുന്നിൽ കൈകെട്ടി പൊലീസ്: നീതിക്ക് വിലപിച്ച് മുന്നണിയിലെ രണ്ടാം കക്ഷി, സി.പി.ഐയുടെ മുതിർന്ന നേതാക്കൾ മൗനം തുടരുകയാണ്
text_fieldsപത്തനംതിട്ട: 'വല്യേട്ട'ന്റെ മുന്നിൽ ജില്ലയിലെ പൊലീസ് സംവിധാനം തലകുനിച്ച് നിൽക്കുമ്പോൾ ഭരണമുന്നണിയിലെ രണ്ടാം കക്ഷിക്ക് നീതി അകലെ. നിഷേധിക്കാനാകാത്ത തരത്തിൽ തെളിവുകൾ ലഭിച്ചിട്ടും അക്രമകാരികളായ സി.പി.എമ്മുകാർക്കെതിരെ കേസെടുക്കാൻ പോലും പൊലീസിന് കഴിയുന്നില്ല.
കേസെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടാകാൻ പോകുന്ന അനുഭവത്തെക്കുറിച്ച ബോധ്യമാണ് പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയത്. കൊടുമൺ അങ്ങാടിക്കലിൽ സംഘർഷമുണ്ടായപ്പോൾ ശക്തമായി ഇടപെട്ട ഒരു പൊലീസുകാരന് നേരെയും ഡി.വൈ.എഫ്.ഐക്കാർ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടുപോലും പ്രതികരിക്കാൻ തയാറാകാതെ പൊലീസ് മൗനത്തിലാണ്. സി.പി.എം നേതാക്കളുടെ പ്രീതി ഉറപ്പാക്കി സ്ഥാനങ്ങളിൽ ഉറച്ചിരിക്കാൻ ചില ഉന്നത പെലീസ് ഉദ്യോഗസ്ഥർ മത്സരിക്കുമ്പോൾ എന്തിന് ആവശ്യമില്ലാത്ത പൊല്ലാപ്പിന് പോകണമെന്ന ചിന്തയിലാണ് മറ്റ് ഉദ്യോഗസ്ഥർ.
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കും മറ്റുമെതിരെ വ്യാപക ആക്രമണം ഉണ്ടായി. ഈ സംഭവങ്ങളിൽ ആവശ്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദ ഇടപെടലുകൾ ഉണ്ടായില്ല.
അതിന് പിന്നാലെയാണ് ഭരണമുന്നണിയിലെതന്നെ രണ്ടാം കക്ഷിയായ സി.പി.ഐയും പൊലീസിന്റെ നീതി നിഷേധത്തിന് ഇരയായത്.
കൊടുമൺ അങ്ങാടിക്കലിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ച ഫലത്തിൽ സേനക്കുതന്നെ നാണക്കേടാകുന്നതാണ്.
അക്രമസംഭവങ്ങൾക്കും പിന്നാലെ നടന്ന വീടാക്രമണത്തിനുമൊക്കെ വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും പൊലീസ് അനങ്ങിയില്ല. ഈ വിധേയത്വമാണ് ഒടുവിൽ ഒരു പൊലീസുകാരനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കാനും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ധൈര്യം നൽകിയത്. അതേസമയം, സി.പി.ഐയിൽ സംസ്ഥാനതലത്തിലെ മുതിർന്ന നേതാക്കൾ പത്തനംതിട്ടയിലെ സംഭവങ്ങളോട് മൗനം തുടരുകയാണ്. തിരുവല്ലയിലെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ പ്രതികരണത്തിന് പിന്നാലെയാണ് മുൻ എസ്.പി ജില്ല വിടേണ്ടിവന്നത്. ഇത്തരം സാഹചര്യങ്ങളൊക്കെ മനസ്സിലാക്കാതെയുള്ള പ്രവർത്തനം പുതിയ എസ്.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ആരും കരുതുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.