പത്തനംതിട്ടയിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നുവെന്ന് സംഘടനാ റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ജില്ലയിൽ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നുവെന്ന് സി.പി.എം ജില്ല സമ്മേളനത്തിൽ െസക്രട്ടറി കെ.പി. ഉദയഭാനു അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ വിമർശനം.
രണ്ട് ഏരിയ കമ്മിറ്റികളിലാണ് വിഭാഗീയത നിലനിൽക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവല്ല, ഇരവിപേരൂർ എന്നിവയാണവ. മല്ലപ്പള്ളിയിലും വിഭാഗീയതയുള്ളതായി പ്രസംഗത്തിൽ പരാമർശിച്ചു. എന്നാൽ, മല്ലപ്പള്ളിയെക്കുറിച്ച് സംഘടന റിപ്പോർട്ടിൽ പരാമർശമില്ല. 10 വർഷം മുമ്പ് പിണറായി വിജയനും അച്യുതാനന്ദനും രണ്ട് ചേരികളായി പാർട്ടിയിൽ നിലനിന്ന കാലത്ത് വലിയതോതിൽ ജില്ലയിലും വിഭാഗീയത നിലനിന്നിരുന്നു. ഇപ്പോൾ അതെല്ലാം കെട്ടടങ്ങിയ നിലയിലാണ്. നിലവിൽ വിഭാഗീയത പ്രകടമാകുന്നത് ചിലരുടെ വ്യക്തി താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളതെന്നറിയുന്നു.
മൂന്ന് ഏരിയ കമ്മിറ്റികളിലെയും നേതൃത്വത്തിലുള്ളവരിൽ ചിലരാണ് ചേരിതിരിഞ്ഞ് നിൽക്കുന്നത്. ഇരവിപേരൂരിൽ ഏരിയ സമ്മേളനം നടക്കുന്ന സമയത്ത് പ്രതിനിധികളിൽ ചിലർ വ്യക്തി താൽപര്യം അനുസരിച്ച് രണ്ടുവിഭാഗമായി തിരിഞ്ഞിരുന്നു.
സെക്രട്ടറി തെരെഞ്ഞടുപ്പിൽ മത്സരത്തിനും ഇവർ മുതിർന്നു. ഇതോടെ ജില്ല നേതൃത്വം കോൺഗ്രസ് വിട്ടുവന്ന പീലിപ്പോസ് തോമസിനെ സമവായം എന്നനിലയിൽ സെക്രട്ടറിയാക്കി. മൂന്ന് ഏരിയ കമ്മിറ്റികളിലും തിരുത്തൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്നചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തെയും പരോക്ഷമായി വിമർശിക്കുന്നുണ്ട്. മന്ത്രി വീണ ജോർജിനെതിരെ വ്യക്തിപരമായി ചില കേന്ദ്രങ്ങളിൽനിന്ന് ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
സമ്മേളനത്തിൽനേതാക്കളുടെ വലിയ നിര
പത്തനംതിട്ട: സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുക്കുന്നത് നേതാക്കളുടെ വലിയ നിര. സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂേറാ അംഗം എസ്. രാമചന്ദ്രൻപിള്ളയെ കൂടാതെ വൈകീട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളന നഗറിലെത്തി.
അദ്ദേഹം എത്തിയ ശേഷമാണ് സംഘടന റിപ്പോർട്ടിന്മേലുള്ള പ്രതിനിധികളുടെ ചർച്ചക്ക് തുടക്കമായത്. ഉദ്ഘാടനത്തിനുശേഷം സംഘടന പ്രവർത്തനം സംബന്ധിച്ച പോളിറ്റ് ബ്യൂറോയുടെ റിപ്പോർട്ടും എസ്. രാമചന്ദ്രൻപിള്ള അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ രാജു എബ്രഹാം അധ്യക്ഷതവഹിച്ചു. വൈക്കം വിശ്വൻ, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, എ.കെ. ബാലൻ, ആനത്തലവട്ടം ആനന്ദൻ, എം.എം മണി, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണാ ജോർജ് എന്നിവർ പങ്കെടുക്കുന്നുണ്ട്. പ്രമോദ് നാരായണൻ എം.എൽ.എയും മാത്യു ടി.തോമസ് എം.എൽ.എയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കെ.യു. ജനീഷ്കുമാർ എം.എൽ.എ സമ്മേളന പ്രതിനിധിയാണ്.
സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണികൃഷ്ണപിള്ള പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രക്തസാക്ഷി പ്രമേയം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. ആർ. സനൽകുമാറും അനുശോചന പ്രമേയം ജില്ല സെക്രേട്ടറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ബി ഹർഷകുമാർ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 10ന് പൊതുചർച്ച തുടരും. വൈകീട്ട് ജില്ല സെക്രട്ടറി കെ.പി ഉദയഭാനു ചർച്ചക്ക് മറുപടി പറയും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.