പത്തനംതിട്ടയിൽ കൂടുതൽ സഹകരണ ബാങ്കുകൾ തകർച്ചയിലേക്ക്
text_fieldsപത്തനംതിട്ട: ജില്ലയിൽ നിക്ഷേപം തിരിച്ചുനൽകാനാകാതെ കൂടുതൽ സഹകരണ ബാങ്കുകൾ തകർച്ചയിലേക്ക്. വർഷങ്ങളായി സി.പി.എം നിയന്ത്രണത്തിലുള്ള ചെറുകോൽ സഹകരണബാങ്കും ഏറ്റവും അവസാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് വെളിവായി.
മൈലപ്ര സഹകരണബാങ്ക് തകർന്ന് ദിവസങ്ങൾ കഴിയുമ്പോഴാണ് ചെറുകോലിലും സമാന പ്രതിസന്ധി. ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ സഹകരണ ബാങ്കുകളുടെ നഷ്ടകണക്കുകൾ പുറത്തുവരുമെന്നാണ് സൂചനകൾ.
ഇതിനകം സീതത്തോട്, കോന്നി, കുമ്പളാംപൊയ്ക, ചന്ദനപ്പള്ളി, മൈലപ്ര തുടങ്ങി നിരവധി സഹകരണ ബാങ്കുകളാണ് ജില്ലയിൽ പൊളിഞ്ഞത്. ഇവിടെനിന്ന് ഇതുവരെ ആർക്കും പണം തിരികെ കൊടുത്തിട്ടില്ല. പണംചോദിച്ച് നിക്ഷേപകർ കയറിയിറങ്ങുകയാണ്. പരിഭ്രാന്തരായ നിക്ഷേപകർ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാൻ തിരക്ക് കൂട്ടുന്നു. നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കാൻ ഇടപാടുകാർ എത്തുന്നത് സഹകരണ ബാങ്കുകളെ കൂട്ട കുഴപ്പത്തിലേക്ക് തള്ളിവിടുകയുമാണ്. മൈലപ്ര ബാങ്കിൽ നിക്ഷേപകർ തുടർച്ചയായി കയറിയിറങ്ങുകയാണ്. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് ദൈനംദിന ആവശ്യത്തിനുപോലും പണം ഇല്ലാതെ നരകിക്കുകയാണ്. നിക്ഷേപകരെ ഭയന്ന് ഇപ്പോൾ ബാങ്ക് തുറക്കുന്നതും ഇല്ല. അഴിമതിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിൽ വെള്ളിയാഴ്ച ഹർത്താലും നടന്നു.
വർഷങ്ങളായി സി.പി.എം ഭരണത്തിലെ സഹകരണ ബാങ്കുകളാണ് ഇതെല്ലാം. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സ്ഥിതി മെച്ചപ്പെട്ടാൽ പണം നൽകാമെന്ന്
ചെറുകോൽ ബാങ്ക്
പത്തനംതിട്ട: തൽക്കാലം നിക്ഷേപത്തുക മടക്കി നൽകാൻ സാധിക്കില്ല എന്നുകാണിച്ച് ചെറുകോൽ സഹകരണ ബാങ്ക് നിക്ഷേപകർക്ക് കത്തയച്ചുതുടങ്ങി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകാമെന്നും കത്തിലുണ്ട്. ബാങ്കിൽ സാമ്പത്തികമാന്ദ്യം സംഭവിച്ചതായി കത്തിൽ പറയുന്നു. വായ്പ ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നാണ് പറയുന്നത്. ബാങ്കിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടുവരുന്നതിനും കുടിശ്ശിക തിരിച്ചുകിട്ടുന്നതിനും സമയം എടുക്കുമെന്നതിനാൽ നിക്ഷേപിച്ച പണം ഇപ്പോൾ മടക്കിനൽകാൻ കഴിയില്ലെന്നാണു ബാങ്കിന്‍റെ കത്തിൽ പറയുന്നത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ആവശ്യക്കാർക്ക് കാർഷിക, കാർഷികേതര വായ്പകൾ നൽകിയിരുന്നു. എന്നാൽ, നിലവിൽ ഇതെല്ലാം മുടങ്ങി. ജീവനക്കാർ വിരമിച്ചതോടെ ബാങ്കിന്‍റെ പ്രവർത്തനവും അവതാളത്തിലായി.
ബാങ്കിന്‍റെ വളം ഡിപ്പോ, നീതി സ്റ്റോർ ഇതെല്ലാം നേരത്തേ നിർത്തി. ഇതോടെ പൊതുയോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം ഉന്നയിച്ച് സഹകാരികൾ രംഗത്തുവന്നു. ഭരണസമിതിക്ക് കത്തും നൽകിയിട്ടുണ്ട്. വായ്പ നൽകിയ ഇനത്തിൽ വലിയ തുക തിരിച്ചുകിട്ടാനുണ്ട്. ആരും തിരിച്ചടക്കുന്നില്ല. പണം തിരികെവേണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ് ബാങ്കിലേക്ക് എത്തുന്നത്. ലക്ഷങ്ങൾ നിക്ഷേപിച്ചവർ വരെയുണ്ട്. ബാങ്ക് പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും ആറേകാൽ സെന്‍റ് ഭൂമിയും മാത്രമാണ് ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.