മഴയിലും കാബിനറ്റ് ബസ് കാണാൻ മലയോര ജില്ല ഒഴുകി
text_fieldsപത്തനംതിട്ട: സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഒരു ബസിലെത്തിയ അപൂർവ കാഴ്ച കാണാൻ മലയോര ജില്ലയായ പത്തനംതിട്ട, രണ്ട് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. അപ്രതീക്ഷിതമായി എത്തിയ മഴയെയും അവഗണിച്ചാണ് കുട്ടികളും സ്തീകളും ഉൾപ്പെട്ട ജനസഞ്ചയം ജില്ലയിലെ അഞ്ച് നിയോജകമണ്ഡല കേന്ദ്രങ്ങളിൽ മണിക്കൂറുകൾക്ക് മുമ്പ് എത്തി സീറ്റുകൾ പിടിച്ചത്. മന്ത്രിസഭ ജില്ലയിൽ എത്തിയത് അവധി ദിവസങ്ങളിലായതിനാൽ ജനങ്ങൾക്ക് അതും സൗകര്യമായി. ജില്ലയിലെ ആദ്യ നവകേരള സദസ്സ് ശനിയാഴ്ച വൈകീട്ട് ഏഴിന് തിരുവല്ലയിലാണ് നടന്നത്. മഴക്കാറുള്ള അന്തരീക്ഷത്തിൽനിന്ന് മഴയുമയാണ് ഞായറാഴ്ചത്തെ ആദ്യ സദസ്സ് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലും തുടർന്ന് റാന്നി, കോന്നി, അടൂർ എന്നിവിടങ്ങളിലും നടന്നത്. മഴയെ അവഗണിച്ചെത്തിയ ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നത് നാടിന്റെ ഭാവി ഭദ്രമാണെന്ന സന്ദേശമാണെന്ന് വിവിധ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്തരീക്ഷ വ്യതിയാനത്തെയും രാഷ്ട്രീയമായി വ്യാഖാനിച്ചു.
ജില്ലയുടെ പൈതൃകം വിളിച്ചോതുന്ന പടയണിക്കോലത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് മന്ത്രിസഭയെ ജില്ല സ്റ്റേഡിയത്തിലെ വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തിയപ്പോൾ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ആവേശംകൊണ്ടു. ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൈ നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവിതം ലഭിച്ച വിദ്യ പൂച്ചെണ്ടും പുസ്തകവും ആറന്മുളക്കണ്ണാടിയും നല്‍കിയാണ് മുഖ്യമന്ത്രിയെ സദസ്സിലേക്ക് സ്വീകരിച്ചത്. സരസകവി മൂലൂരിന്റെ കവിരാമായണവും ബെന്യാമിന്റെ പുസ്തകവും ആറന്മുളക്കണ്ണാടിയും നല്കി മറ്റ് മന്ത്രിമാരെ സ്വീകരിച്ചു. കോവിഡ് കാലത്ത് മനുഷ്യര്‍ക്കൊപ്പം ജീവജാലങ്ങളെയും പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ആശയം ഒരു ചുവർചിത്രമാക്കി വാസ്തുവിദ്യ ഗുരുകുലം വൈസ് ചെയര്മാൻ കെ.ആർ. അജയകുമാർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. കടമ്മനിട്ട ഗോത്രകല കളരിയിലെ കലാകാരന്മാരാണ് പടയണി അവതരിപ്പിച്ചത്. ഭൈരവിക്കോലമാണ് വേദിയിൽ അരങ്ങേറിയത്. പിന്നണി ഗായിക പുഷ്പവതി അവതരിപ്പിച്ച ഗാനമേളയും നടന്നു. സംസ്ഥാന സ്കൂൾ കലാമേളയിൽ കോല്‍ക്കളിയിൽ അഞ്ചുവര്‍ഷം തുടര്‍ച്ചായായി ഒന്നാം സമ്മാനം നേടിയ മര്‍ത്തോമ ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികൾ അവതരിപ്പിച്ച കോല്‍ക്കളിയും നവ്യാനുഭവമായി.
ചളിക്കുണ്ടായി സമ്മേളന കേന്ദ്രങ്ങൾ
ജില്ലയിലെ നാല് നിയമസഭ നിയോജകമണ്ഡലങ്ങളിലെയും നവകേരള സദസ്സ് നടന്ന ഞായറാഴ്ച പെയ്ത മഴയിൽ സമ്മേളന ഗ്രൗണ്ടുകൾ ചളിക്കുണ്ടായി. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ വെള്ളക്കെട്ടിലാണ് ജനങ്ങൾ കസേര ഇട്ട് ഇരുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് അദ്ദേഹത്തിനായി ചുവപ്പ് പരവതാനി വിരിച്ചു. വേദിക്ക് സമീപത്തേക്ക് ബസ് എത്തിച്ചാണ് അദ്ദേഹത്തിന് സൗകര്യം ഒരുക്കിയത്.
റാന്നി, കോന്നി, അടൂർ എന്നീ കേന്ദ്രങ്ങളിൽ ഉച്ചകഴിഞ്ഞ് നടന്ന നവകേരള സദസ്സുകളുടെ ഗ്രൗണ്ടുകളും മഴയിൽ ചളിക്കുണ്ടായി. റാന്നി മാർ സേവിയസ് ഹയര്‍ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും അടൂർ വൈദ്യൻസ് ഗ്രൗണ്ടും വെള്ളം നിറഞ്ഞ് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
കോന്നിയിൽ 6000 പരാതി
കോന്നി: ഗജവീരന്മാരുടെ പ്രൗഢിയോടെ കോന്നി മണ്ഡലം നവകേരള സദസ്സിനെ വരവേറ്റു. കനത്ത മഴയുടെ പശ്ചാത്തലത്തിലും ജനബാഹുല്യമായിരുന്നു കോന്നി മണ്ഡലത്തില്‍.
മുത്തുക്കുടകളും തോരണങ്ങളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച വീഥിയിലൂടെ യാണ് മന്ത്രിസഭയെ എതിരേറ്റത്. വേദിയിലേക്ക് ആദ്യമെത്തിയത് മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, അഹമ്മദ് ദേവർകോവിൽ എന്നിവരായിരുന്നു. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം സദസ്സ് നടക്കുന്ന കെ.എസ്.ആര്.ടി.സി മൈതാനത്തേക്ക് എത്തിയപ്പോള്‍ ജനങ്ങളുടെ ആവേശം ഇരട്ടിയായി. കരഘോഷങ്ങളും ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് കോന്നി മണ്ഡലം മുഖ്യമന്ത്രിയെ വേദിയിലേക്ക് എതിരേറ്റത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗജരൂപം നൽകിയാണ് സ്വാഗതം ചെയ്തത്. എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. 6000ത്തോളം പരാതികളാണ് നിയോജകമണ്ഡലം നവകേരള സദസ്സിൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.