ആരെയും വീഴ്ത്തും ‘നമ്പറുകളാണ്’ കയ്യിൽ
text_fieldsപത്തനംതിട്ട: സൈബർ ലോകത്ത് തട്ടിപ്പുകൾക്ക് ഓരോ ദിവസവും നൂതന ശൈലികൾ. പ്രമുഖരെയും ഉന്നത ജോലിയുള്ളവരെയും വരെ തട്ടിപ്പുകളുടെ വലയിൽ കുടുക്കി പണം തട്ടുന്ന സംഘമാണ് ഓൺലൈനുകളിലൂടെ എത്തുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ ഇവർ ഏതുതരം വ്യാജ ഐഡികളും ലെറ്റർപാഡുകളും എംബ്ലവുമെല്ലാം ഉപയോഗിക്കുന്നുമുണ്ട്.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് യൂനിഫോമിൽ പ്രത്യക്ഷപ്പെട്ട് വിഡിയോ കാളിലൂടെ തട്ടിപ്പ് നടത്തുന്ന സംഭവങ്ങളാണ് സമീപകാലത്ത് ശ്രദ്ധയിൽപെട്ടത്. എന്നാൽ, കഴിഞ്ഞദിവസം യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിനെ കബളിപ്പിച്ച സംഘം സി.ബി.ഐ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും നടപടികളാണ് വെർച്വലായി അവതരിപ്പിച്ചത്. പിന്നാലെ സുപ്രീംകോടതിയുടെ എംബ്ലം സഹിതമുള്ള ഉത്തരവുകളും രസീതുകളും അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തിയത്. ആറന്മുളയിലും പന്തളത്തുമായി ഇക്കൊല്ലം തന്നെ രണ്ട് കേസ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തു. 50 വയസ്സിനു മുകളിലുള്ള ഡോക്ടർമാർ, അഭിഭാഷകർ ഉൾപ്പെടെയുള്ളവർ തട്ടിപ്പുസംഘത്തിന്റെ വലയിൽ കുടുങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം മാർ കൂറിലോസിനെ വിളിച്ചത് സി.ബി.ഐ ഓഫിസിൽ നിന്നെന്ന വ്യാജേനയാണ്. രണ്ടുദിവസം അദ്ദേഹത്തെ വെർച്വൽ കസ്റ്റഡിയിലാണെന്നു പറഞ്ഞു കബളിപ്പിച്ചതായാണ് വിവരം. പണം തങ്ങൾക്കു ലഭിക്കുന്നതുവരെയും മൊബൈൽ ഫോണിൽനിന്ന് മറ്റു കാളുകൾ വിളിക്കാൻ അനുവദിച്ചിരുന്നില്ല. തട്ടിപ്പിന് ഇരയാകുന്നവർ എത്രയും വേഗം പരാതി നൽകുകയാണ് വേണ്ടതെന്ന് സൈബർ പൊലീസ്. ഒരു ദിവസത്തിനുള്ളിൽ പരാതി ലഭിച്ചാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പണം തിരികെ പിടിക്കാനാകും.
വൈകുന്തോറും ഇതു സാധ്യമാകാതെ വരും. ബിഷപ് ഗീവർഗീസ് മാർ കൂറിലോസിന്റെ അക്കൗണ്ടിൽനിന്ന് മാറ്റിയ പണത്തിനു രസീത് നൽകി രണ്ടുദിവസത്തിനകം ഇതു തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. രണ്ടു ദിവസം കാത്തിരുന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് അദ്ദേഹം പരാതിയുമായി എത്തിയത്.
സംഘത്തെ തേടി അലഞ്ഞു; യഥാർഥ പ്രതികളെ കണ്ടില്ല
ജില്ലയിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് ഇതര സംസ്ഥാനങ്ങളിലെത്തിയ സൈബർ പൊലീസ് സംഘത്തിനു നിരാശയായിരുന്നു ഫലം. പത്തനംതിട്ടയിലെ സൈബർ പൊലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനകം വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണത്തിനെത്തിയിട്ടുണ്ട്. തട്ടിപ്പുസംഘം പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ പലതും വ്യാജമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗ്രാമവാസികൾ, തൊഴിലാളികൾ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളാണിവ. ഇവരുടെ അക്കൗണ്ടുകളിലെത്തുന്ന പണം പൊടുന്നനെ മാറ്റുന്ന രീതിയാണിത്.
ഇത്തരം പരാതികൾ പ്രകാരം ജില്ലയിൽ കഴിഞ്ഞവർഷവും ഇക്കൊല്ലം ജൂലൈ വരെയും 25 കേസ, റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ടു കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 2, 68, 988 രൂപ തിരിച്ചു കിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. നവമാധ്യമ തട്ടിപ്പിൽ 776 പരാതിയാണ് ലഭിച്ചിരുന്നത്. പലരും രണ്ടാമതും ചതിക്കപ്പെടുമ്പോൾ മാത്രമാണ് പൊലീസിൽ പരാതിപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.