ചൂടിൽ വാടി ക്ഷീരമേഖല; പാലുൽപാദനത്തിൽ ഗണ്യമായി കുറവ്
text_fieldsപന്തളം: വേനൽ ചൂട് കടുത്തത് ക്ഷീരമേഖലയെ സാരമായി ബാധിച്ചുതുടങ്ങി. പാലുൽപാദനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി കർഷകർ. രാവിലെയും വൈകീട്ടുമായി 75 ലിറ്റർ ശേഖരിച്ചിരുന്ന സംഘങ്ങളിൽ രണ്ടുനേരവും കൂടി 30 ലിറ്റർ പോലും ലഭിക്കുന്നില്ലെന്ന് ക്ഷീര സഹകരണ സംഘം അധികൃതർ പറയുന്നു. ചൂട് കൂടിയതോടെ പശുക്കൾക്ക് തളർച്ച അനുഭവപ്പെടുന്നതിനാൽ തീറ്റയെടുക്കാൻ മടിക്കുകയാണ്. കൂടാതെ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുകയും ചെയ്തു.
മൃഗാശുപത്രികളുടെ നേതൃത്വത്തിൽ വേനൽക്കാല ക്യാമ്പുകൾ നടത്തുകയും അതിലൂടെ മിനറൽ മിക്സ്ചർ നൽകുകയും വേണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നുണ്ട്. ക്ഷീരകർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പശുവളർത്തൽ തൊഴിലുറപ്പിൽ പെടുത്തണമെന്നത്. അങ്ങനെയായാൽ കൂടുതൽ ക്ഷീരകർഷകരെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളർത്തുമത്സ്യങ്ങൾ ചത്തുപൊങ്ങുന്നു
ചൂടു കൂടിയതോടെ വളർത്തുമത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. പാടശേഖരങ്ങളിലും കുളങ്ങളിലും വളർത്തുന്ന മീനുകളാണ് ചാവുന്നത്. ഉച്ചക്ക് മൂന്നു മണിയാവുമ്പോഴേക്കും പൊള്ളുന്ന തരത്തിലാണ് വെള്ളത്തിന്റെ ചൂട്. നാടൻ മത്സ്യങ്ങളെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും കടല, രോഹു, ഗ്രാസ് കാർപ്, വാള എന്നീ മീനുകളെയാണു ചൂട് കാര്യമായി ബാധിക്കുന്നത്. ചൂട് കൂടിയതിനാൽ മീൻ വാങ്ങാൻ മൊത്തക്കച്ചവടക്കാർ എത്തുന്നുമില്ല. ഇത്തരം മീനുകൾ പിടിച്ചാൽ കൂടുതൽ ദിവസം സൂക്ഷിച്ചുവെക്കാൻ കഴിയില്ലെന്നതാണ് കാരണമായി പറയുന്നത്. ആവശ്യക്കാർ കുറഞ്ഞതിനാൽ മീൻ വില കുറഞ്ഞതും, ചത്തുപോകുന്നതും കർഷകരെ നഷ്ടത്തിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.