കോവിഡിനിടെ ഭീഷണിയായി ഡെങ്കിയും എലിപ്പനിയും
text_fieldsപത്തനംതിട്ട: കോവിഡിനിടെ ജില്ലയിൽ ഭീഷണിയായി ഡെങ്കിപ്പനിയും എലിപ്പനിയും. ഈ വര്‍ഷം ഇതുവരെ എലിപ്പനിമൂലം അഞ്ച് സംശയാസ്പദ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 31 പേര്‍ക്ക് രോഗബാധ സംശയിക്കുന്നുമുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകൾ, ചാത്തങ്കരി, ചെന്നീര്‍ക്കര, ഇലന്തൂര്‍, കൂടല്‍, കുന്നന്താനം, റാന്നി പെരുനാട് പഞ്ചായത്തുകളിലും എലിപ്പനിബാധ സ്ഥിരീകരിച്ചു. മൃഗങ്ങളുടെയും എലിയുടെയും മൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കടുത്ത പനി, തലവേദന, പേശിവേദന, വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ആരംഭഘട്ടത്തില്‍ ചികിത്സിക്കാതിരുന്നാല്‍ വൃക്ക, കരള്‍, ശ്വാസകോശം, തലച്ചോറ് തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ് വഴിയോ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. വെള്ളത്തിലോ മലിനജല പരിസരങ്ങളിലും ഇറങ്ങുന്നവര്‍ കൈയുറ, ഗംബൂട്ട്, മാസ്ക് എന്നിവ ഉപയോഗിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മലിന ജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്സി സൈക്ലിന്‍ ഗുളിക 200 എം.ജി (100 എം.ജിയുടെ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിക്കണമെന്നും ഗുളിക എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാ ഗത്തില്‍പെട്ട കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം.
മഴ ശക്തമായതോടെ ജില്ലയില്‍ കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണ്. പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലും മലയാലപ്പുഴ, ചിറ്റാര്‍, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളിലെ പല വാര്‍ഡിലും കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണ്.
കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം.
വീട്ടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. മഴക്കാലത്ത് ജലജന്യ, കൊതുകുജന്യ രോഗവ്യാപന സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.