പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. പനിബാധിച്ചുള്ള മരണവും കൂടുകയാണ്. ബുധനാഴ്ച മുണ്ടുകോട്ടക്കൽ സ്വദേശിയായ യുവതികൂടി മരിച്ചതോടെ രണ്ടാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ കൊടുമൺ, പെരിങ്ങനാട് സ്വദേശികളായ മൂന്നുപേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ആങ്ങമൂഴിയിൽ ഒരു കുട്ടിയും പനിബാധിച്ച് മരിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പനി പടരുകയാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനിബാധിച്ച് എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
പനി പിടിപെട്ട് ദിവസങ്ങളായി ആശുപത്രിയിലും വീടുകളിലും കഴിയുന്നവരുണ്ട്. ഡെങ്കി, എലിപ്പനിയാണ് കൂടുതൽ പേർക്കും. തൊഴിലുറപ്പ്, റബർ ടാപ്പിങ്, കാർഷിക പണികളിൽ ഏ ർപ്പെട്ട പലരും പനിബാധിച്ച് ചികിത്സയിലാണ്. മാസങ്ങൾക്ക് മുമ്പേ ഡെങ്കിയും എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടും മുൻകരുതൽ നടപടി കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല.
ഇതുവരെ നടന്ന പ്രതിരോധപ്രവർത്തനങ്ങൾ പ്രഹസനമായി മാറുകയും ചെയ്തു. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയാണ് കാണിച്ചത്. ആരോഗ്യവകുപ്പിന്റെ ഭാഗത്തും വീഴ്ച സംഭവിച്ചിട്ടുണ്ട്. എവിടെയും മാലിന്യം കുന്നുകൂടി കിടക്കുന്നത് കാണാം. മഴ കൂടി ആരംഭിച്ചതോടെ ചീഞ്ഞളിഞ്ഞ് കൊതുകിന്റെ ആവാസ കേന്ദ്രങ്ങളായി മാറി. കെട്ടിക്കിടക്കുന്ന മലിനജലവും ഗുരുതര ഭീഷണിയുയർത്തുന്നു. പലയിടത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന് മുകളിൽ ബ്ലീച്ചിങ് പൗഡർ വിതറൽ എന്ന പൊടിക്കൈ മാത്രമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.