പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു
text_fieldsപത്തനംതിട്ട: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. എല്‍ അനിതകുമാരി അറിയിച്ചു.ഇടവിട്ട് മഴപെയ്യുന്നതിനാല്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 43 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
102 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട്. മേയില്‍ മാത്രം 64 സംശയാസ്പദരോഗബാധയും 22 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. കോന്നി, തണ്ണിത്തോട്, കൊക്കാത്തോട്, പ്രമാടം, മലയാലപ്പുഴ, സീതത്തോട്, കടമ്പനാട് എന്നീ സ്ഥലങ്ങളില്‍നിന്നാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്റേഷന് ക്ലീനിങ് കാമ്പയിന്, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിങ് എന്നിവ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്നു.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നു.പെട്ടെന്നുള്ള ശക്തമായ പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍, അതിശക്തമായ നടുവേദന, കണ്ണിനുപിന്നില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് ചുവന്നു തിണര്‍ത്തപാടുകള്‍ കാണാന്‍ സാധുതയുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വീടിനുള്ളിലും പരിസരത്തും വെള്ളംകെട്ടി നില്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്കു കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം. ഇതിനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശനിയാഴ്ച സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ എല്ലാവരും ശുചീകരണത്തില്‍ പങ്കാളികളാകണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.