പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു; 14 ഹോട്ട്സ്പോട്ട്
text_fieldsപത്തനംതിട്ട: ജില്ലയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്ട്സ്പോട്ട് ഉള്ളതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു.സെപ്റ്റംബറിൽ ഇതുവരെ 23 പേർക്ക് സ്ഥിരീകരിച്ച രോഗബാധയും 120 പേർക്ക് സംശയാസ്പദ രോഗബാധയും രണ്ട് മരണവും ഉണ്ടായി.
പ്രദേശം, രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ എന്ന ക്രമത്തിൽ ചുവടെ
- പത്തനംതിട്ട - വാർഡ് 5, 7, 10, 12, 23 28,
- ചന്ദനപ്പള്ളി - വാർഡ് 1, 12, 14, 16,
- അടൂർ - വാർഡ് 25
- റാന്നി - ചേത്തക്കൽ
- പ്രമാടം - വാർഡ് 3, 9, 17
- ചെറുകോൽ - വാർഡ് 4
- ഏറത്ത് - വാർഡ് 2, 10, 13
- തിരുവല്ല- വാർഡ് 11
- ഇലന്തൂർ - വാർഡ് 4, 7,12
- ഏനാദിമംഗലം - വാർഡ് 23, 28
- കോന്നി -വാർഡ് 12, 16
- പന്തളം - വാർഡ് 17, 21
- വള്ളിക്കോട് - വാർഡ് 6
- തിരുവല്ല - വാർഡ് 1
പ്രതിരോധം പ്രധാനം
ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക. ഇതോടൊപ്പം വ്യക്തി സുരക്ഷാമാർഗങ്ങളും പാലിക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, റെഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, ടയറുകൾ, ടാർപോളിൻ ഷീറ്റുകൾ, വീടിന്റെ ടെറസ്, സൺഷേഡ്, പാത്തികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും ഇവ മുട്ടയിട്ട് പെരുകുന്നത്.
വീടുകളിൽ വളർത്തുന്ന മണി പ്ലാന്റും മറ്റ് അലങ്കാരച്ചെടികളും കൊതുക് പെരുകാനുള്ള സാഹചര്യം വർധിപ്പിക്കും. ചെടിച്ചട്ടികളിലും അടിയിൽ വെക്കുന്ന ട്രേകളിലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിലവിൽ രോഗബാധിതരായവരുടെ വീടുകളിൽ പരിശോധന നടത്തിയപ്പോൾ വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ, റബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, ടയറുകൾ, ടാർപോളിൻ ഷീറ്റുകൾ, വാഹനങ്ങളുടെ സ്പെയർപാർട്ട്സ് കൂട്ടിയിട്ട സ്ഥലങ്ങൾ തുടങ്ങിയവയിൽ കൂത്താടികളുടെ സാന്നിധ്യം കൂടിയതോതിൽ കണ്ടെത്തി.
തുടരണം ഡ്രൈഡേ
ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്നതിനാൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ പ്രവർത്തനങ്ങൾ തുടരണം.മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ട്. പനി വന്നാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.