കർഷകൻ ജീവനൊടുക്കിയിട്ടും കർഷകർക്ക് കൈത്താങ്ങാകാതെ കൃഷിവകുപ്പ്
text_fieldsപത്തനംതിട്ട: കടംകയറി കർഷകൻ ജീവനൊടുക്കിയിട്ടും കർഷകർക്ക് കൈത്താങ്ങാകാതെ കൃഷിവകുപ്പ്. വേനൽമഴയുടെ പ്രതിസന്ധിക്കിടെ കൊയ്ത്ത് നടന്ന പാടങ്ങളിൽ നെല്ല് സംഭരണത്തിന് കൃഷിവകുപ്പ് ഒന്നും ചെയ്യുന്നില്ല. സംഭരണത്തിലും വിളവെടുപ്പിലും സർക്കാർ സംവിധാനം മുന്നിൽനിന്ന് നയിക്കുന്നില്ലെന്ന പരാതി കർഷകർക്കിടയിൽ വ്യാപകമാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ പാടശേഖരത്തിൽ ഒരാഴ്ചയായി കൊയ്ത നെല്ല് കൂടിക്കിടക്കുന്നു. ലോഡുകണക്കിന് നെല്ല് വരുമിത്. 200 ഏക്കറിലധികമുള്ള വേങ്ങൽ പാടത്ത് കൊയ്ത്ത് തീരാറായി. പാടത്തോടുചേർന്ന് ചെറിയ കരപ്രദേശങ്ങളിലും മറ്റുമാണ് നെല്ല് കൂനകൂട്ടിയിട്ടത്. കൂടുതൽ ദിവസം നെല്ല് കിടക്കുന്നത് മഴയിൽ കിളിർത്ത് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.
വേനൽമഴയിൽ കൃഷി നശിച്ചതിനെ തുടർന്നാണ് നിരണം കാണാത്ര പറമ്പില് രാജീവ് ഒരാഴ്ച മുമ്പ് തൂങ്ങിമരിച്ചത്. കഴിഞ്ഞവര്ഷവും ഈ വർഷവും വ്യാപക കൃഷിനാശം ഉണ്ടായതിനെ തുടർന്ന് കടബാധ്യത തീർക്കാൻ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കിയത്. വേനൽ മഴയിൽ വെള്ളംകയറും മുമ്പ് കഷ്ടപ്പെട്ട് നെല്ല് കൊയ്തെടുത്ത കർഷകർ വിൽക്കാൻ നിവൃത്തിയില്ലാതെ വലയുകയാണ്. ദുരിതത്തിൽ കൈത്താങ്ങാകാൻ കൃഷിവകുപ്പിലെ ആരും എത്തുന്നുമില്ല.
കൂട്ടിയിട്ട നെല്ല് ദിവസവും നിരത്തി വെയിൽകൊള്ളിക്കുകയാണ് കർഷകർ. ഇതിന് വലിയ കൂലിച്ചെലവും വരുന്നു. വൻവിളവ് പ്രതീക്ഷിച്ച സ്ഥാനത്ത് മഴയെത്തിയതോടെ കിട്ടിയ നെല്ല് കൊയ്തെടുക്കുകയായിരുന്നു. പകുതിയെങ്കിലും കിട്ടുമോയെന്ന ആശങ്ക നിലനിൽക്കെയാണ്, പ്രതീക്ഷിക്കാത്ത കൂലിച്ചെലവും കർഷകർ നേരിടുന്നത്.
പെരിങ്ങരയിൽ നെല്ല് സംഭരണം തുടങ്ങിയിട്ടില്ലെന്നാണ് കർഷകപ്രതിനിധികൾ പറയുന്നത്. സിവിൽ സപ്ലൈസ് ചുമതലപ്പെടുത്തുന്ന സ്വകാര്യ മില്ലുകാരാണ് സംഭരണം നടത്തുന്നത്. കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്തവരുടെ പാടത്തെ നെല്ല് മാത്രമാണ് സംഭരിക്കുക. രജിസ്റ്റർ ചെയ്യാത്തവർ സ്വകാര്യ മില്ലുകാർക്ക് നേരിട്ട് നൽകുകയാണ്. ഇത്തവണ സർക്കാർ ഇടപെടലിലൂടെയുള്ള ഒരു യന്ത്രംപോലും തിരുവല്ല മേഖലയിൽ ലഭ്യമായിട്ടില്ല.
കർഷകർതന്നെ ഇടനിലക്കാരെ തേടിപ്പിടിച്ച് യന്ത്രങ്ങൾ എത്തിക്കുകയാണ്. മണിക്കൂറിന് 1850 രൂപവരെ കൊയ്ത്തുയന്ത്രത്തിന് നൽകേണ്ടിവരുന്നു. ഉണങ്ങിയ നിലത്ത് ഒന്നരമണിക്കൂർകൊണ്ട് ഒരേക്കർ കൊയ്തെടുക്കും. ഇപ്പോൾ വെള്ളംകയറിയതിനാൽ രണ്ടര മണിക്കൂർവരെയാണ് വേണ്ടിവരുന്നത്.
പ്രശ്നം നെല്ലിലെ ഈർപ്പം
കൊയ്ത് മെതിച്ച നെല്ലിൽ ജലാംശം കൂടുതലായതിനായാണ് മില്ലുകാർ ഏറ്റെടുക്കാത്തത്. നെല്ല് അരിയാക്കുമ്പോൾ സാധാരണ ലഭിക്കേണ്ടതിനെക്കാൾ തൂക്കം ഗണ്യമായി കുറയും. അപ്പോൾ മില്ലുകാർക്ക് നഷ്ടമുണ്ടാകും. കർഷകരുടെയും മില്ലുടമകളുടെയും യോഗം കൃഷിവകുപ്പ് അധികൃതർ വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കുകയാണ് വേണ്ടത്.
ഉദ്യോഗസ്ഥർക്ക് തന്നെ പരിഹരിക്കാനാകാത്ത അവസ്ഥയാണെങ്കിൽ മന്ത്രിതല ഇടപെടലുണ്ടാക്കണം. അതിനൊന്നും ഒരു നടപടിയുമില്ല. മഴ ശക്തമായതിനാൽ നെല്ല് നന്നായി ഉണക്കാൻ കർഷകർക്ക് കഴിയുന്നുമില്ല. രണ്ടുദിവസം മഴ കുറവായതിന്റെ പ്രതീക്ഷയിലാണ് കർഷകർ. ഭാരംകുറഞ്ഞ കൂടുതൽ കൊയ്ത്തുയന്ത്രങ്ങൾ എത്തിച്ച് വേഗത്തിൽ വിളവെടുപ്പ് പൂർത്തീകരിക്കാനുള്ള ശ്രമവും നടക്കുന്നു. അഞ്ചടി വേളൂർമുണ്ടകം, ഇരുകര എന്നീ പാടങ്ങളും വിളവെടുപ്പിനുള്ള തയാറെടുപ്പിലാണ്.
വിളവെടുപ്പിനുമുമ്പ് ക്രമീകരണങ്ങൾക്കായി വർഷംതോറും ചേർന്ന യോഗം ഇത്തവണ നടന്നിട്ടില്ല. യന്ത്രം എങ്ങനെ എത്തിക്കാം, കൂലിച്ചെലവുകൾ എങ്ങനെ ഏകീകരിക്കാം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചക്കുവരിക. കർഷകപ്രതിനിധികൾ, യൂനിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട യോഗമാണ് കൂടിയിരുന്നത്.
വിതയിറക്കുന്ന കർഷകർ ഓരോസമയത്തും നേരിടുന്ന പ്രശ്നങ്ങൾക്ക് അവർക്കൊപ്പംനിന്ന് പ്രായോഗിക പരിഹാരം കാണാൻ കൃഷിവകുപ്പ് തയാറാകാത്തതാണ് കർഷകരെ വലക്കുന്നതെന്ന് അപ്പർ കുട്ടനാട് നെൽകർഷകസംഘം പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു.
കൃഷിനാശം: ഹെക്ടറിന് 13,500 രൂപ വീതം നഷ്ടപരിഹാരം
പന്തളം: വേനൽ മഴയിൽ പന്തളത്ത് നെൽകൃഷി നശിച്ച പാടശേഖരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അഡീഷനൽ ഡയറക്ടർ ജോർജ് അലക്സാണ്ടറും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമാണ് തിങ്കളാഴ്ച രാവിലെ പന്തളത്തെ വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചത്. കർഷകരുടെ നഷ്ടവും പ്രശ്നങ്ങളും സർക്കാറിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിമന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലയിൽ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചത്.
പന്തളം നഗരസഭ പ്രദേശത്തെയും തുമ്പമൺ, പന്തളം തെക്കേക്കര, കുളനട പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൃഷിനാശം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൃഷിയുടെ നഷ്ടം എത്രയുണ്ടെന്നും കൃഷിയെ രക്ഷിക്കാൻ മാർഗമുണ്ടോയെന്നും ഇവർ പരിശോധിച്ചു.
കർഷകരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി. നടപ്പാക്കേണ്ട പദ്ധതികൾ തയാറാക്കി സർക്കാറിലേക്ക് സമർപ്പിക്കുമെന്നും ഇൻഷുർ ചെയ്ത തുക കൂടാതെ പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഹെക്ടറിന് 13,500 രൂപ കർഷകർക്ക് ലഭിക്കുമെന്നും അഡീഷനൽ ഡയറക്ടർ പറഞ്ഞു.
കൃഷിമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.എസ് അനിൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ലൂയിസ് മാത്യു, ജാൻസി കെ.കോശി, അസി. ഡയറക്ടർ ആർ.എസ്. റീജ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജയപ്രകാശ് ബാബു, കൃഷി ഓഫിസർ സൗമ്യ ശേഖർ, പന്തളം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കർഷകർ എന്നിവരും അഡീഷനൽ ഡയറക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.