കാറ്റും മഴയും; മൈലാടുംപാറയിൽ വൻ നാശം
text_fieldsപത്തനംതിട്ട: ശക്തമായ മഴയിലും കാറ്റിലും മൈലാടുംപാറ പ്രദേശത്ത് വൻ നാശ നഷ്ടം. ബുധനാഴ്ച വൈകീട്ടാണ് ചുഴലിക്ക് സമാനമായ ശക്തമായ കാറ്റ് വീശിയതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി മരങ്ങൾ വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണു. നിരവധി വൈദ്യുതപോസ്റ്റുകൾ ഒടിയുകയും, നിരവധി സ്ഥലങ്ങളിൽ വൈദ്യുതകമ്പികൾ പൊട്ടുകയും ചെയ്തു. കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.
പോസ്റ്റുകൾ ഒടിഞ്ഞതോടെ ഈ പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ വൈദ്യുതിയും നിലച്ചു. പത്തനംതിട്ട നഗരസഭ പ്രദേശത്തെ മൈലാടുംപാറ , കാക്കത്തോട്ടം, പനം തോപ്പ്, പള്ളിക്കകുഴി, വളവുങ്കൽ, മലയാലപ്പുഴ പാറ, കണിച്ചേരിക്കുഴി, കുമ്പഴക്കുഴി, കാറ്റാടി, മഠത്തിൽ പടി, വല്യയന്തി, കൈരളീപുരം പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കെട്ടിടങ്ങളുടെ മുകളിലേക്കും മരച്ചില്ലകൾ ഒടിഞ്ഞുവീണു. അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്നാണ് മരങ്ങൾ ഉച്ചയോടെ മുറിച്ചു മാറ്റിയത്. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.