തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ദേവസ്വം ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍
text_fieldsശബരിമല: തീര്‍ഥാടകര്‍ക്ക് യഥാസമയം വിവരങ്ങള്‍ കൈമാറി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദേവസ്വം ബോര്‍ഡിെൻറ പബ്ലിക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍. ഇവിടെനിന്ന് വിവിധ ഭാഷകളില്‍ മൈക്ക് അനൗണ്‍സ്മെൻറിലൂടെ ഭക്തര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നൽകുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി ഭക്തരില്‍ എത്തിക്കുകയാണ് കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. ശബരിമല ക്ഷേത്രത്തിലെ പൂജാ സമയങ്ങള്‍, പൊലീസ് സ്പെഷല്‍ ഓഫിസര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ ഭക്തര്‍ അറിയേണ്ട കാര്യങ്ങള്‍ യഥാസമയം ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നത് ഇവിടെനിന്നാണ്. തീര്‍ഥാടകര്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍ എന്തൊക്കെ, കോവിഡ് പരിശോധന കേന്ദ്രങ്ങള്‍, കോവിഡ് സര്‍ട്ടിഫിക്കറ്റ്, ഭക്തര്‍ക്ക് അറിയേണ്ട ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടങ്ങിയവയും കൈമാറുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് ഉച്ചഭാഷണിയിലൂടെ വിവരങ്ങള്‍ നല്‍കുന്നത്.
നിലവില്‍ പുലര്‍ച്ച അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെൻറ് നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ശബരിമല സന്നിധാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെൻററില്‍ അനൗണ്‍സ്മെൻറ് നടത്തുന്ന കര്‍ണാടക സ്വദേശി ശ്രീനിവാസ് സ്വാമി ഈ വര്‍ഷവും സേവനത്തിലുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദേവസ്വം ബോര്‍ഡിെൻറ പബ്ലിക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ നിയന്ത്രണവും ഏകോപനവും ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ സുനില്‍ അരുമാനൂരാണ് നിര്‍വഹിക്കുന്നത്. ശബരിമല കലിയുഗവരദ സന്നിധാനം എന്ന ഫേസ്ബുക്ക് പേജിലൂടെ ഭക്തര്‍ക്ക് വിവരങ്ങളും ചിത്രങ്ങളും കൈമാറുന്നതായും സുനില്‍ അരുമാനൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.