ഡിജിറ്റൽ റീസർവേ ഭൂസംരക്ഷണം ഉറപ്പാക്കും -മന്ത്രി കെ. രാജൻ
text_fieldsറാന്നി: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ മിച്ചഭൂമി ഉൾപ്പെടെ പ്രശ്നങ്ങൾ കാരണം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാവര്ക്കും ഭൂമി നല്‍കുകയെന്ന ചരിത്രദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ജില്ലതല പട്ടയമേള റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ഥലം എം.എല്‍.എയുടെ അധ്യക്ഷതയില്‍ റവന്യൂ ജനസഭകള്‍ രൂപവത്കരിച്ചു.
പട്ടയം ലഭിക്കാനുള്ള അര്‍ഹരായ ആളുകളെ റവന്യൂ ജനസഭ കണ്ടെത്തുകയും പട്ടയ ഡാഷ് ബോര്‍ഡിലേക്ക് നല്‍കുകയും ചെയ്യും. തഹസില്ദാരെക്കാള് കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന് നോഡല്‍ ഓഫിസറായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഡാഷ് ബോര്‍ഡിലേക്ക് പകര്‍ത്തിയ വിവരങ്ങള്‍ പരിശോധിക്കാനും അന്വേഷണം നടത്താനുമായി അഞ്ച് സമിതികളാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ലയില്‍ വിതരണം ചെയ്യുന്ന 166 പട്ടയങ്ങളില്‍ 99 എണ്ണവും റാന്നിയിലാണെന്ന് പറഞ്ഞു. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയായ ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, കെ.ആര്. പ്രകാശ്, പി.എസ്. മോഹനന്, തിരുവല്ല സബ്കലക്ടര്‍ സഫ്ന നസറുദ്ദീന്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യപട്ടയം ആത്മസംതൃപ്തിയോടെ നേടി പൊന്നമ്മ
റാന്നി: പട്ടയത്തിനുള്ള തന്റെ പേര് മൈക്കിലൂടെ കേട്ടപ്പോള്‍ പ്രായംമറന്ന് 64 കാരിയായ കെ.എന്‍. പൊന്നമ്മ സ്റ്റേജിലേക്ക് ഓടിക്കയറി. റവന്യൂ മന്ത്രി കെ. രാജന്റെ കൈയില്‍നിന്ന് പട്ടയം ഏറ്റുവാങ്ങിയപ്പോള്‍ പൊന്നമ്മയ്ക്ക് ആത്മസംതൃപ്തിയുടെ നിമിഷം. ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ കെ.എന്‍. പൊന്നമ്മക്ക് നാല് മക്കളാണുള്ളത്.
വീട്ടുപണി ചെയ്തു മക്കളെയെല്ലാം വിവാഹം ചെയ്ത് അയച്ചു. ഇതിനിടയില്‍ പഞ്ചായത്തില്‍ നിന്ന് ലഭിച്ച 30,000 രൂപക്കൊപ്പം, ജോലിചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ ഷീറ്റിട്ട് ഒരു വീടും നിർമിച്ചു. സ്വന്തമായുള്ള നാലു സെന്റ് സ്ഥലത്തിന്പട്ടയം കിട്ടുക എന്നത് പൊന്നമ്മയുടെ സ്വപ്നം ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.