ഡിജിറ്റല്‍ സര്‍വേ: സഭകള്‍ രൂപവത്കരിക്കും
text_fieldsപത്തനംതിട്ട: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ബോധവത്കരണം നടത്തും. എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുന്നതു സംബന്ധിച്ച സമിതിയുടെ പ്രതിമാസ അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
ഡിജിറ്റല്‍ സര്‍വേ നടക്കുന്ന 12 വില്ലേജുകളിലെ ജനപങ്കാളിത്തം ഉറപ്പിക്കാനാണ് വാര്‍ഡ്തലത്തില്‍ ബോധവത്കരണം നടത്തുന്നത്. ഈമാസം 12 മുതൽ 25 വരെ എല്ലാ വാര്‍ഡിലും സര്‍വേ സഭകള്‍ നടത്തി ബോധവത്കരണ ക്ലാസിലൂടെ ജനങ്ങളെ അവബോധമുള്ളവരാക്കാൻ റിസോഴ്സ്പേഴ്സനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഡിജിറ്റൽ സര്‍വേ നടപടികളുടെ രണ്ടാംഘട്ടം നവംബറിൽ ആരംഭിക്കും. ഡിജിറ്റൽ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വില്ലേജുകളെയാണ് തെരഞ്ഞെടുത്തിരുന്നത്.
കോഴഞ്ചേരി താലൂക്കിലെ കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍ വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ആദ്യഘട്ടം പൂര്‍ത്തിയായി. കോന്നി താലൂക്കില്‍ വള്ളിക്കോട് വില്ലേജിലെ ഡ്രോണ്‍ സര്‍വേ നടന്നുകൊണ്ടിരിക്കുന്നു. ഇത് പൂര്‍ത്തിയായതിന് ശേഷം മൈലപ്ര, പ്രമാടം വില്ലേജുകളിലും ആരംഭിക്കും. വനപ്രദേശമായതിനാല്‍ കോന്നി താഴം, തണ്ണിത്തോട്, റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ സാധ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ ടി. ജയശീ, സര്‍വേ അസി. ഡയറക്ടര്‍ പ്രഭാമണി, ജില്ല സര്‍വേ സൂപ്രണ്ട് ടി.പി. സുദര്ശനന് സര്‍വേ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.