ആന്‍റോ ആന്‍റണിയോടും പി.ജെ. കുര്യനോടും വിയോജിപ്പ്; പത്തനംതിട്ടയിൽ കോൺഗ്രസിന് കാലുവാരൽ ഭീഷണി
text_fieldsപത്തനംതിട്ട: അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വത്തെചൊല്ലി ബി.ജെ.പി മുന്നണിയിൽ തർക്കം തുടരുമ്പോൾ കാലുവാരൽ ഭീഷണിയുടെ ആശങ്കയിൽ കോൺഗ്രസ്. തലമുതിർന്ന നേതാവ് എ.കെ. ആന്‍റണിക്ക് ഏറെ അനുയായികൾ ഉള്ള ജില്ലയാണ് പത്തനംതിട്ട.
ഒരു കാലത്ത് പത്തനംതിട്ട ഡി.സി.സി ആന്‍റണി ഗ്രൂപ്പിന്‍റെ കൈയ്യിലായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി നേതാവായെങ്കിലും ആന്‍റണിയുടെ സ്വാധീനത്തിന് ഒട്ടും ഇളക്കമുണ്ടായില്ല. ഇപ്പോഴാകാട്ടെ പി.ജെ. കുര്യൻ പാർട്ടിയെ നിയന്ത്രിക്കുന്ന ജില്ലയിൽ കോൺഗ്രസിലെ നല്ലൊരു വിഭാഗവും അതൃപ്തരാണ്.
ഇതിന്‍റെ ഭാഗമായാണ് രണ്ട് മുൻ ഡി.സി.സി പ്രസിഡന്‍റുമാരടക്കം നിരവധി മുതിർന്ന നേതാക്കൾ പലപ്പോഴായി കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. കുര്യന്‍റെ അപ്രമാദിത്വത്തിൽ അസംതൃപ്തി ഉളളിൽ ഒതുക്കി പാർട്ടിയിൽ കഴിയുന്നവരിൽ നല്ലൊരു വിഭാഗവും ആന്‍റോ ആന്റണിയെ നാലാമതും സ്ഥാനാർഥിയാക്കുന്നതിനോട് വിയോജിപ്പുള്ളവരാണ്.
ഈ വിയോജിപ്പാണ് കോൺഗ്രസിന്റെ സർവേയിൽ പ്രതിഫലിച്ചതും. സിറ്റിങ് എം.പിമാരെ മൽസരിപ്പിക്കാൻ കോൺഗ്രസിൽ ധാരണയായെങ്കിലും പത്തനംതിട്ടയിൽ മാത്രം സിറ്റിങ്ങ് എം.പി ക്ക് പ്രചാരണത്തിന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അനിൽ ആന്‍റണിയുടെ രംഗപ്രവേശത്തോടെ തോമസ് ഐസക്കിന്‍റെ സാധ്യത വർധിച്ചതായാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
മറ്റ് രണ്ടു മുന്നണികളും ആശയക്കുഴപ്പത്തിൽ നട്ടം തിരിയുമ്പോൾ വളരെ ചിട്ടയോടെ പ്രചാരണ രംഗത്ത് ഇടതുമുന്നണി മുന്നേറുന്ന കാഴ്ചയാണ് ജില്ലയിലെങ്ങും. ഇൗ സാഹചര്യത്തിൽ ഇ.ഡി യെ ഇറക്കി തോമസ് ഐസക്കിന്‍റെ സാധ്യതകൾ തടയാനുള്ള നീക്കവും സി.പി.എം മുന്നിൽ കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.