ദുരന്ത നിവാരണം; ജനപങ്കാളിത്തം അത്യാവശ്യം -കലക്ടർ
text_fieldsപത്തനംതിട്ട: ദുരന്തനിവാരണം നടപ്പാക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം മഞ്ഞത്തോട് ആദിവാസി ഊരിൽ നിർവഹിക്കുകയായിരുന്നു അവർ.
ആദിവാസി ഊരുകളിലെ നാട്ടറിവും അനുഭവങ്ങളും ഒത്തുചേര്‍ത്തുവേണം ദുരന്തനിവാരണ തയാറെടുപ്പുകൾ നടത്തേണ്ടത്. പ്രകൃതിദുരന്തങ്ങൾ ധാരാളം വേട്ടയാടുന്ന ജില്ലയാണ് പത്തനംതിട്ട. ദുരന്തനിവാരണത്തില്‍ ജില്ല മാതൃക സൃഷ്ടിക്കണം. ജില്ലയിലെ എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയുന്നതാണ് ഏറ്റവും വലിയ മാറ്റവും വിജയവും. എല്ലാവരും ഇനിയും ഒത്തുചേര്‍ന്നു പ്രവർത്തിക്കണമെന്നും കലക്ടർ പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോർപസ് ഫണ്ട് ഉപയോഗിച്ച് വയറിങ് പൂര്‍ത്തിയാക്കി വൈദ്യുതി എത്തിച്ച മഞ്ഞത്തോട് ആദിവാസി ഊരിലെ വീടുകളിൽ കലക്ടർ പരിശോധന നടത്തി. പട്ടികജാതി-പട്ടികവർഗ വകുപ്പുകളിലെ പ്രമോട്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന ആദിവാസി കോളനി റോഡ് ശുചീകരണ പ്രവർത്തനത്തിലും കലക്ടർ പങ്കാളിയായി. റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ല ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസർ എസ്.എസ്. സുധീർ, റാന്നി ടി.ഇ.ഒ എ. നിസാര്‍, റാന്നി തഹസില്‍ദാര്‍ എം.കെ. അജികുമാർ, ഊരുമൂപ്പന് രാജു തങ്കയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
കലക്ടർക്ക് ഊരിലെ കുരുന്നുകളുടെ ഉറപ്പ് ; ‘പഠനം പാതിവഴിയിൽ നിർത്തില്ല’
പത്തനംതിട്ട: കുഞ്ഞുങ്ങളേ... നിങ്ങളെനിക്കൊരു വാക്കു തരണം. ഈ തലമുറയിലെ എല്ലാവരും സ്കൂളില്‍ മുടങ്ങാത പോയി പഠിച്ച് മിടുക്കന്മാകുമെന്ന ഉറപ്പ്. ആ ഉറപ്പെനിക്ക് തരില്ലേ എന്ന കലക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ ചോദ്യത്തിന് നിഷ്കളങ്കമായ ചിരിയായിരുന്നു മഞ്ഞത്തോട് ആദിവാസി ഊരിലെ കുട്ടികള്‍ നൽകിയ മറുപടി. പഠിക്കാൻപോകും എന്ന ഉറപ്പും ഒപ്പം.
ഓർമകളില്‍ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചവരാണ് മഞ്ഞത്തോട്ടിലെ ജനങ്ങൾ. കലക്ടറെന്ന ഔദ്യോഗിക പദവിയിൽനിന്ന് പോകുമ്പോൾ തന്റെ ഈ ആഗ്രഹം പാതിവഴിൽ നിര്‍ത്താതെ പൂര്‍ത്തിയാക്കണം. കുട്ടികൾ എല്ലാവരും മുടങ്ങാതെ സ്കൂളുകളിൽ പോകുന്നുണ്ടെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ പിന്നാക്കം പോകുന്നില്ലെന്ന് വകുപ്പുകൾ ഉറപ്പുവരുത്തണമെന്നും കലക്ടർ പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനത്തിനു ശേഷം മഞ്ഞത്തോട് ആദിവാസി ഊരിലെ ജനങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അവർ.
കുട്ടികൾക്ക് പഠിക്കാൻ അട്ടത്തോട്ടിൽ നിർമിച്ച സ്കൂൾ പൂർത്തിയായി. ഉടൻ മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യും. സ്വപ്നങ്ങളായി മാത്രം നിലനിന്നിരുന്ന അഭിലാഷങ്ങൾ പൂവണിയുന്ന ദിനങ്ങളാണ് എത്തിച്ചേരുന്നത്. ഭൂമിയുടെ അവകാശവും അടിസ്ഥാന രേഖകളും സ്വന്തമാക്കി കുട്ടികളെ നിങ്ങൾ പഠിച്ചുവളരണം.
ആ വിജയം കാണാൻ ഒരുനാൾ ഞാനിവിടെ തിരിച്ചുവരുമെന്നും കലക്ടർ പറഞ്ഞു. കുട്ടികൾക്ക് സ്നേഹചുംബനങ്ങളും ഭക്ഷണവും നൽകിയാണ് മഞ്ഞത്തോട്ടിൽനിന്ന് കലക്ടർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.