ഭിന്നത മറനീക്കി പുറത്ത്; കൊടുമൺ ഓട വളവില്‍ കുടുങ്ങി സി.പി.എം
text_fieldsപത്തനംതിട്ട: ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് പുനര്‍നിര്‍മാണത്തിനിടെ കൊടുമണ്‍ സ്റ്റേഡിയത്തിനു സമീപമുണ്ടായ വളവില്‍ കുടുങ്ങി സി.പി.എം. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം ഭരണസമിതിയും പ്രസിഡന്റും സ്വീകരിച്ച നിലപാടിനെ ജില്ല സെക്രട്ടറി പരസ്യമായി തള്ളിയതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പകൽപോലെ വ്യക്തമായി.
ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനു പൂർണപിന്തുണയുമായി സി.പി.എം കൊടുമൺ ഏരിയ, ലോക്കൽ കമ്മിറ്റികളും രംഗത്തെത്തിയത് വിഷയം മൂലം സി.പി.എം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് അലൈൻമെന്റ് മാറ്റത്തിലെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം ഏരിയ കമ്മിറ്റിയില്‍ വേണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്നുവരെ ശ്രീധരന് പറഞ്ഞതായാണ് വിവരം. എന്നാലും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ പോലീസ് സ്റ്റേഷന് മുതല്‍ വാഴവിളപ്പടി വരെയുള്ള ഭാഗത്തെ അലൈന്മെന്റ് പ്രകാരം നടത്തുന്ന പണികള്ക്കെതിരേ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
നിലവിൽ പണി നടത്തുന്ന അലൈന്മെന്റില് അപാകത ഉണ്ടെങ്കില്‍ മാറ്റിയെടുക്കണമെന്നും റോഡിന്റെ വീതി മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ തന്നെ വേണമെന്നും റോഡിന് വളവ് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഇതു പരിഗണിക്കാതെ ഓട വളച്ചുതന്നെ പണിയുന്നതു കണ്ടാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ കെ.കെ. ശ്രീധരന് ഇടപെട്ടത്. എം.എല്‍.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണത്തിലെ അപാകത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പണി നിര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. റോഡ് നിര്‍മാണത്തില്‍ അപാകതക്കു കാരണം ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫാണെന്ന് ശ്രീധരന് നടത്തിയ പരസ്യപ്രസ്താവനയേ തുടര്‍ന്ന് കോൺഗ്രസ് സമരം ഏറ്റെടുക്കുകയും ചെയ്തു.
നിയമ നടപടി സ്വീകരിക്കും -മന്ത്രി
പത്തനംതിട്ട: ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് നിര്‍മാണത്തില്‍ കൊടുമണ്‍ ഭാഗത്ത് അലൈന്മെന്റ് മാറ്റം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണ ജോര്‍ജും. തനിക്കും കുടുംബത്തിനും നേരെ നടത്തുന്നത് അസത്യ പ്രചാരണങ്ങളാണെന്ന് മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ലൈന്മെന്റ് തന്റെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തിയെന്നത് തീര്‍ത്തും അസത്യമായ പ്രചാരണമാണെന്ന് മന്ത്രി വിശദീകരിച്ചു. താന്‍ എം.എല്‍.എ ആകുന്നതിനും എത്രയോ വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെന്റ് സ്ഥലമെന്ന് മന്ത്രി വ്യക്തമാക്കി. 1.89 കോടി ബാങ്ക് വായ്പയെടുത്താണ് കെട്ടിടം വെച്ചത്. ഇതിനു മുന്നിലൂടെയുള്ള ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണത്തിന് 2020ലാണ് കിഫ്ബി അനുമതി നല്‍കിയത്. വിവാദമായ സ്ഥലത്ത് റോഡിന്റെ വീതി 17 മീറ്ററാണ്. റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. 2020ല്‍ കെ.ആര്.എഫ്.ബി നിശ്ചയിച്ച അലൈന്‍മെന്റിലാണ് നിര്‍മാണം. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്ഥലത്തെ അലൈന്മെന്റില് മാറ്റമുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം വ്യക്തമാക്കുകയും സ്ഥലം അളന്നു കാണിക്കുകയും ചെയ്തിട്ടും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തു കൊടി നാട്ടുകയായിരുന്നു. അലൈന്മെന്റ് മാറ്റി എന്ന് അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. റോഡിനോടു ചേര്‍ന്ന് എതിര്‍വശത്തുള്ള കോണ്‍ഗ്രസ് ഓഫീസ് പുറമ്പോക്കിലാണെന്നും ഇവിടെ റോഡിനു 14 മീറ്റര്‍ മാത്രമേ വീതിയുള്ളൂവെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. റോഡിനു സമീപത്തുള്ള മുഴുവന്‍ പുറമ്പോക്കുകളും അളക്കുകയും ഒഴിപ്പിക്കുകയും വേണമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
റോഡ് പുറമ്പോക്ക് അളക്കണം; ഇടപെട്ട് കലക്ടര്‍
പത്തനംതിട്ട: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് അലൈന്മെന്റ് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യവുമായി ജില്ല കലക്ടറുടെ മുമ്പാകെ പരാതികളുടെ പ്രളയം. മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫാണ് ആദ്യം ഈ വിഷയത്തിൽ പരാതി നൽകിയത്. പിന്നാലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും പരാതി നല്കി. വിവാദങ്ങളുമായി ബന്ധപ്പെട്ട് കെ.ആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരണം നല്കാന് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ സി.പി.എം ഓഫിസ് പുറമ്പോക്ക് കൈയേറിയാണ് നിര്‍മിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.