വികൃതം, നഗരമുഖം
text_fieldsപത്തനംതിട്ട: അധികൃതരുടെ അനാസ്ഥയിൽ പത്തനംതിട്ട നഗരജീവിതം ദുസ്സഹമായി മാറുന്നു. ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ ജനം നരകിക്കുകയാണ്. കുടിവെള്ള പൈപ്പിടാൻ വെട്ടിക്കുഴിച്ച റോഡിൽക്കൂടി ജീവൻ കൈയിൽപിടിച്ച് വേണം സഞ്ചരിക്കാൻ. അബാൻ മേൽപാലം പണികൾ മുടങ്ങിയതോടെ ഇതുവഴി ഇപ്പോൾ കാൽനട പോലും നിലച്ചു. ജീവൻ പണയംവെച്ചാണ് ആളുകൾ നിശ്ശേഷം തകർന്ന പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. നഗരത്തിലെ ഉപറോഡുകളുടെ സ്ഥിതിയും പരിതാപകരം. ഇതിൽ നഗരമധ്യത്തിലൂടെയുള്ള തൈക്കാവ് റോഡിന്റെ പണികൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്തെ കുഴിയിൽനിന്ന് കാൽനടക്കാർക്ക് ചളിവെള്ള അഭിഷേകമാണ്. റോഡിന് സമീപത്തെ കച്ചവടസ്ഥാപനങ്ങളിലേക്കും ചളിവെള്ളം തെറിക്കും. ഡോക്ടേഴ്സ് ലൈൻ റോഡും ശരിയാക്കുമെന്ന് പറഞ്ഞതാണ്. ഇവിടെ കുറെ ഭാഗത്ത് ഓട മാത്രം നിർമിച്ചിട്ടുണ്ട്. മഴക്കാലംകൂടി തുടങ്ങിയതോടെ ജില്ല ആസ്ഥാനം കുളമായി.
പരാതി പറഞ്ഞ് മടുത്തു
നഗരത്തിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ല ഭരണകൂടം, വിവിധ വകുപ്പുമേധാവികൾ, എൽ.ഡി.എഫ് നഗരസഭ ഭരണസമിതി എന്നിവർക്ക് നൽകിയതെന്ന് വ്യാപാരി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിവിധ സാമൂഹിക സംഘടനകളും പറയുന്നു. ആര് പരാതി പറഞ്ഞാലും നടപടിയില്ല.
പ്രതിപക്ഷമായ കോൺഗ്രസ് ഇടക്ക് ചില പൊടിക്കൈ സമരങ്ങൾ നടത്തി അവരും ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു. മണ്ഡലത്തിന് സ്വന്തമായി മന്ത്രി ഉണ്ടായിട്ടും പ്രയോജനമില്ല. പ്രസ്താവനകൾ മാത്രമാണ് ബാക്കി. ഇതെല്ലാം കണ്ടും കേട്ടും ഒടുവിൽ ഭരണകക്ഷി അംഗങ്ങൾക്കും മടുത്തു തുടങ്ങിയ മട്ടാണ്.
പദ്ധതിയെന്നാൽ തൂണുകൾ
ആറന്മുള മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ ഏറെക്കാലമായി കുറെ പദ്ധതികളുടെ തൂണുകൾ മാത്രം പാതി പൊങ്ങിനിൽക്കുന്നത് കാണാം.
കോഴഞ്ചേരിയിലെ പുതിയ പാലം, പത്തനംതിട്ടയിലെ സുബല പാർക്ക്, ഇൻഡോർ സ്റ്റേഡിയം തുടങ്ങി നിരവധി എണ്ണമുണ്ട് ചൂണ്ടിക്കാണിക്കാൻ. ഒടുവിൽ അബാൻ മേൽപാലവും ഈ പട്ടികയിൽ എത്തുമെന്നായി. സുന്ദരമായ റിങ് റോഡ് 50 കോടിയുടെ അബാൻ മേൽപാലം നിർമാണത്തിെന്റ പേരിൽ നശിപ്പിച്ചിരിക്കുകയാണ്. ഒന്നരവർഷം കൊണ്ട് തീരുമെന്ന് പറഞ്ഞുതുടങ്ങിയതാണ്. പറഞ്ഞ കാലാവധിയും കഴിഞ്ഞു.
പണം കുടിശ്ശിക വന്നതോടെ കരാറുകാർ ഉപേക്ഷിച്ചതായാണ് പറയുന്നത്. ഏതാനും തൂണുകൾ മാത്രമുണ്ട്. അതും മഴയത്ത് തുരുമ്പിച്ച് തുടങ്ങി. വിവിധ സംഘടനകൾക്ക് സമ്മേളനങ്ങളുടെയും മറ്റും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനുള്ള ഇടമായി തൂണുകൾ മാറ്റിയിട്ടുണ്ട്. ആരും തിരിഞ്ഞുനോക്കാതായതോടെ ഇവിടത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.