ജില്ല കോടതി സമുച്ചയം: ഉദ്യോഗസ്ഥരെ മാറ്റി; സ്ഥലം ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ
text_fieldsപത്തനംതിട്ട: ജില്ലാ കോടതി സമുച്ചയം നിർമ്മാണത്തിന് വെട്ടിപ്രത്ത് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ ചുമതലയുളള ഉദ്യോഗസ്ഥരെ മാറ്റി.
ഹൈകോടതിയുടെ മേൽനോട്ടത്തിൽ നടന്ന ഭൂമിയേറ്റെടുക്കലിന് അന്തിമ വിജ്ഞാപനത്തിനും വില നിർണയത്തിനുമുള്ള നടപടികൾ പൂർത്തിയാകാറായപ്പോഴാണ് അപ്രതീക്ഷിത നീക്കം. പദ്ധതി അട്ടിമറിക്കാനുളള ഗൂഢനീക്കം ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്.
രണ്ട് സർവെയർമാരും നാല് റവന്യു ഇൻസ്പെക്ടർമാരുമാണ് സ്ഥലം ഏറ്റെടുപ്പിന് നിയോഗിക്കപ്പെട്ടിരുന്നത്. ഇവരിൽ ഒരു സർവെയറെയും രണ്ട് ഇൻസ്പെക്ടർമാരെയും റവന്യു വകുപ്പ് തിരികെ വിളിച്ചു. ഇതോടെ, നടപടികളുടെ വേഗം കുറഞ്ഞു. ണ്ടു മാസത്തേക്കാണ് റവന്യുവകുപ്പ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിരിക്കുന്നത്. അടുത്ത മാസം പാർലമെന്റ് തിരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നാൽ ഉദ്യോഗസ്ഥരെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമാകും.
കോടതിയുടെ സ്ഥലം ഏറ്റെടുപ്പ് ഇതോടെ സ്തംഭിക്കും. കോടതി സമുച്ചയത്തിനായി ആറ് ഏക്കറാണ് ഏറ്റെടുക്കേണ്ടത്. 2016ൽ ആവിഷ്കരിച്ചത് 50 കോടിയുടെ പദ്ധതിയാണ്. അന്തിമ വിജ്ഞാപനത്തിന് മുമ്പായി ഈ മാസം 19ന് ഹൈ കോടതിയിൽ യോഗം വിളിച്ചിരിക്കുകയാണ്. 18ന് ജില്ലാ കോടതിയിലും യോഗമുണ്ട്. ഇതിന് മുൻപ് റവന്യു നടപടികൾ പൂർത്തിയാകാൻ സാധ്യതയില്ല.
ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയുടെ മൂല്യം കണക്കാക്കി അന്തിമ വില നിശ്ചയിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇരുപതിൽപ്പരം വ്യക്തികളുടെ സ്ഥലമാണ് കോടതി സമുച്ചയത്തിനായി ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള പുതിയ നിയമത്തിൽ വിലയെക്കുറിച്ച് സർക്കാരിൽ പരാതികൾക്ക് അവസരമില്ല. കക്ഷികൾക്ക് കോടതിയെ സമീപിക്കാം. സ്ഥലം റവന്യു വകുപ്പ് ആഭ്യന്തര വകുപ്പിനാണ് കൈമാറുന്നത്.
ഭൂ ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക ആഭ്യന്തര വകുപ്പ് റവന്യു വകുപ്പിന് കൈമാറണം. വെട്ടിപ്രത്ത് ഡ്രൈവിംഗ് സ്കൂൾ പരിശീലന ഗ്രൗണ്ടിനടുത്താണ് സ്ഥലം ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.