ജില്ല വികസന സമിതി യോഗം; ഡെങ്കി ഹോട്ട് സ്പോട്ടുകളിൽ മാറ്റമില്ല -ആരോഗ്യമന്ത്രി
text_fieldsപത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിർദേശിച്ചു. ചില ഡെങ്കി ഹോട്ട് സ്പോട്ടുകള്‍ മാറ്റമില്ലാതെ തുടരുന്നതായി മന്ത്രി വെളിപ്പെടുത്തി. ഈ മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴഞ്ചേരി പോസ്റ്റ് ഓഫിസ് നില്ക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറ്റം ചെയ്ത സാഹചര്യത്തിൽ പുതിയ പാലം അപ്രോച് റോഡ് നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണ പറഞ്ഞു. നിര്‍മാണം ആരംഭിക്കാന്‍ കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിർദേശം നല്കി.
മടത്തുകടവ് പാലം പുനർനിർമിക്കണം
തകരാറിലായ മടത്തുകടവ് പാലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം പരിഹരിച്ച് പുനര്‍നിര്‍മാണം വേഗത്തിലാക്കണമെന്ന് മാത്യു ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. പാലത്തിന്റെ ഇരുവശത്തുമായുള്ള റോഡുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളുമായി യോഗം വിളിച്ച് പ്രശനം പരിഹരിക്കണം. പുളിക്കീഴ് പോലീസ് സ്റ്റേഷന് ഫൗണ്ടേഷനും താഴത്തെ നിലയും പണിയുന്നതിനുള്ള തുകയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സി. എന്‍ജിനീയറെ ചുമതലപ്പെടുത്തി.
റിങ് റോഡിലെ സർവേ വേഗത്തിലാക്കും
പത്തനംതിട്ട റിങ് റോഡ് സൗന്ദര്യവത്കരണത്തിനും നടപ്പാത നിര്‍മാണത്തിനുമായി റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണയത്തിനായുള്ള സര്‍വേ വേഗത്തിലാക്കാനും നിർദേശം നൽകി. അബാന്‍ ജങ്ഷന് മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ ട്രാന്സ്മിഷന് ലൈന്‍ സ്ഥാപിക്കുന്നത് ഉൾപ്പെടെ വേഗത്തിലാക്കണം. പൈവഴി-നെടിയകാല റോഡിലെ മാർക്കിങ്, സൈന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കുന്നതും വള്ളംകുളം-തോട്ടപ്പുഴ റോഡിലെ ബി.സി പ്രവൃത്തിയും പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ജൽജീവനിൽ അടിയന്തര നടപടി
റാന്നി മണ്ഡലത്തിലെ ജൽജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ വേഗത്തിലാക്കന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ജൽജീവന്‍ മിഷന് ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം. അടുത്ത സീസണു മുമ്പ് പമ്പാനദിയിലെ പ്ലാസ്റ്റിക് മാലിന്യവും ഇ-കോളിബാക്ടീരിയുടെ സാന്നിധ്യവും ഇല്ലാതാക്കുന്നതിന് പ്രവര്‍ത്തനമുണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു.
വന്യജീവി ആക്രമണം തടയാൻ നടപടി വേണം
കോന്നി മണ്ഡലത്തിലെ വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. വനം വകുപ്പിന്റെ ജാഗ്രത സമിതി അടുത്ത 15 ദിവസത്തിനുള്ളില്‍ ചേരണം. മണ്ഡലത്തിലെ സ്കൂളുകളുടെ നിര്‍മാണം വേഗത്തിലാക്കന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം നടപടി സ്വീകരിക്കണം. മലയാലപ്പുഴ റോഡ്, കൊച്ചുകോയിക്കല്‍ റോഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്‍തിട്ട ഇടിഞ്ഞ് പുഴ കയറുന്നു
2018ലെ വെള്ളപ്പൊക്കത്തില്‍ തിരിച്ചറില്‍ രേഖകള്‍ നഷ്ടപ്പെട്ട ഇരവിപേരൂരിലെ കുടുംബങ്ങള്‍ക്ക് അവ ലഭ്യമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് പറഞ്ഞു.കോട്ടാങ്ങല്‍, ആനിക്കാട് പഞ്ചായത്തുകളില്‍ മണിമലയാറിന്റെ തീരങ്ങളില്‍ മണ്‍തിട്ട ഇടിഞ്ഞ് പുഴകയറി വരുന്ന പ്രദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.