ജില്ലതല പൊതുജനാരോഗ്യസമിതി രൂപവത്കരിച്ചു; നിയമം കര്‍ശനമാക്കും
text_fieldsപത്തനംതിട്ട: നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ നിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. കലക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍.
ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി ബോധവത്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് രണ്ടുലക്ഷം രൂപ വരെ പിഴ ഈടാക്കാം. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണവസ്തുക്കള്‍ കൈകാര്യംചെയ്യുക, ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കാം.
ഓവുചാല്‍ തടസ്സപ്പെടുത്തിയാല്‍ 15,000-30,000 രൂപ, പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താല്‍ 5000 മുതല്‍ 10,000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം മാലിന്യം തള്ളിയാല്‍ മൂന്നുവര്‍ഷം വരെ തടവോ 10,000 മുതല്‍ 25,000 വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.