ജില്ല പഞ്ചായത്ത് പ്രസിഡന്റ്; സമ്മർദങ്ങൾക്കൊടുവിൽ സ്ഥാനം ഒഴിയാൻ സി.പി.എം
text_fieldsപത്തനംതിട്ട: സി.പി.ഐയിൽനിന്നുള്ള തുടർച്ചയായ സമ്മർദങ്ങൾക്ക് ഒടുവിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവി കൈമാറാൻ സി.പി.എം തയാറായി. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗമാണ് അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ നിർദേശിച്ചത്. സി.പി.ഐക്കാണ് അടുത്ത ഊഴം.
എൽ.ഡി.എഫിലെ ധാരണ പ്രകാരം ഓമല്ലൂർ ശങ്കരൻ ഡിസംബർ 30ന് രാജിവെക്കേണ്ടതായിരുന്നു. സ്ഥാനം ഒഴിഞ്ഞുനൽകണമെന്ന ആവശ്യം സി.പി.ഐ രേഖാമൂലം ഉന്നയിച്ചിരുന്നു. എന്നാൽ, സി.പി.എമ്മിന്റെ തീരുമാനം നീണ്ടുപോയി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന സി.പി.ഐയിൽ വിഷയം സംസ്ഥന നേതൃത്വത്തിൽവരെ എത്തി. ഇതിനിടെ, സി.പി.ഐ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് എ.പി. ജയനെ പുറത്താക്കിയതിനെ തുടർന്ന് പാർട്ടിയിൽ വിഭാഗീയത ശക്തമായത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവകാശവാദത്തിന് തടയിട്ടു. എ.പി. ജയനെ പുറത്താക്കുന്നതിനിടയാക്കിയ പരാതി നൽകിയ പള്ളിക്കൽ ഡിവിഷൻ അംഗം ശ്രീനാദേവി കുഞ്ഞമ്മയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുന്നതിനെ ഒരു വിഭാഗം എതിർത്തു. ആദ്യവർഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജി പി. രാജപ്പനെ പ്രസിഡന്റാക്കണമെന്ന് എ.പി. ജയനെ അനുകൂലിക്കുന്നവർ ആവശ്യമുന്നയിച്ചു. വിഭാഗീയത രൂക്ഷമായതോടെ ഓമല്ലൂർ ശങ്കരൻ തൽക്കാലം പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടന്ന നിലപാട് സി.പി.എം സ്വീകരിച്ചു. ഇതേതുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ചർച്ച നടത്തിയതിന പിന്നാലെയാണ് പ്രസിഡന്റ് പദവി ഒഴിയാൻ സി.പി.എം തീരുമാനിച്ചത്.
സി.പി.ഐ പലതവണ ആവശ്യപ്പെട്ടിട്ടും സി.പി.എം പ്രതിനിധിയായ ഓമല്ലൂർ ശങ്കരൻ രാജിവെക്കാൻ തയാറായില്ല. മൂന്നാഴ്ച മുമ്പുചേർന്ന എൽ.ഡി.എഫ് യോഗത്തിലും ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് സി.പി.ഐക്ക് സ്ഥാനം കൈമാറുമെന്ന് തീരുമാനിച്ചിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി ഇതു സംബന്ധിച്ച് സി.പി.എം ജില്ല സെക്രട്ടറിയോടും എൽ.ഡി.എഫ് കൺവീനറോടും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സി.പി.ഐക്കുള്ളിൽ നിലനിൽക്കുന്ന തർക്കം മുതലെടുത്താണ് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സി.പി.എം വിമുഖത കാണിച്ചത്. ധിക്കാരപരമായ നിലപാട് സി.പി.എം തുടർന്നാൽ എൽ.ഡി.എഫ് പരിപാടികൾ ഉൾപ്പെടെ ബഹിഷ്കരിക്കണമെന്ന ആവശ്യം സി.പി.ഐയിൽ ഉയർന്നിരുന്നു. ഇതിനിടെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തർക്കങ്ങൾ താഴെ തട്ടിലേക്ക് എത്താതിരിക്കാനാണ് സ്ഥാനം ഒഴിയാൻ സി.പി.എം നിർബന്ധിതമായത്.
ഒറ്റക്കെട്ടായി നിന്ന് നേടി
തർക്കങ്ങൾക്കിടയിലും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാർട്ടിക്കുവേണമെന്നതിൽ ഒറ്റക്കെട്ടായി നിന്ന് നേടി എടുത്തെന്നുള്ളത് സംഘടനാ പരമായി സി.പി.ഐക്ക് ശക്തിപകരുന്നതാണ്. വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും മറിച്ചുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്നും ജില്ല സെക്രട്ടറി സി.കെ. ശശിധരൻ കഴിഞ്ഞ ജില്ല കൗൺസിൽ യോഗത്തിൽ വിശദീകരിച്ചിരുന്നു. അംഗങ്ങളുടെ വികാരം പൂർണമായി ഉൾക്കൊള്ളുന്നുവെന്നും ഇക്കാര്യം സി.പി.എം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി അന്ന് പറഞ്ഞു. ധാരണ പ്രകാരം ഓമല്ലൂർ ശങ്കരൻ രാജിവെക്കണമെന്നും സി.പി.ഐ പ്രതിനിധി ആരാണെന്നു നിശ്ചയിക്കാനുള്ള അവകാശം പാർട്ടിക്കാണെന്നും ജില്ല സെക്രട്ടറി പറഞ്ഞു. തർക്കങ്ങളില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളിനെ നിർദേശിക്കാൻ സി.പി.ഐയോടു സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം ആദ്യ മൂന്ന് വർഷം സി.പി.എമ്മിനും അടുത്ത ഒരു വർഷം സി.പി.ഐക്കും അവസാന വർഷം കേരളകോൺഗ്രസ് എമ്മിനുമാണ് പ്രസിഡന്റ് സ്ഥാനം.
ശ്രീനാദേവിയെ തടയാൻ നീക്കം
ശ്രീനാദേവി കുഞ്ഞമ്മയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആക്കണമെന്ന് സി.പി.ഐയിൽ അഭിപ്രായ സമന്വയമുണ്ടായെന്നാണ് അറിയുന്നത്. എന്നാൽ, ശ്രീനാദേവി പ്രസിഡന്റാകുന്നത് തടയാൻ സി.പി.ഐയിൽ ശക്തമായ ചരടു വലികളാണ് നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം ഒഴിയാതിരിക്കുന്നതിനു പിന്നിൽ സി.പി.ഐ മുൻ ജില്ല സെക്രട്ടറി എ.പി. ജയനെ പിന്തുണക്കുന്ന വിഭാഗമെന്നും ആരോപണം ഉയർന്നിരുന്നു. എ.പി. ജയനെതിരെ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് തടയുകയെന്നതാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. സി.പി.ഐ ജില്ല സെക്രട്ടറി, സംസ്ഥാന കൗൺസിൽ സ്ഥാനങ്ങളിൽനിന്ന് എ.പി. ജയനെ പുറത്താക്കുന്നതിലേക്ക് നയിച്ചത് ശ്രീനാദേവി പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയായിരുന്നു. സി.പി.എമ്മുമായി നല്ല ബന്ധത്തിലായിരുന്നു ജയൻ. അദ്ദേഹത്തിനെതിരെ പരാതി നൽകിയ ശ്രീനാദേവിയെ ജില്ല പഞ്ചായത്ത് അധ്യക്ഷയാക്കുന്നതിനോട് സി.പി.എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ശ്രീനാദേവിയുടെ പേരാണ് സി.പി.ഐ നിർദേശിച്ചിരിക്കുന്നത്. പാർട്ടിയിലെ മറ്റൊരു ജില്ല പഞ്ചായത്ത് അംഗം രാജി പി. രാജപ്പൻ നേരത്തേ വൈസ് പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.