ഇലന്തൂരിൽ ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ പദ്ധതി വരുന്നു
text_fieldsപത്തനംതിട്ട: സാനിട്ടറി വേസ്റ്റ്, ബയോ മെഡിക്കൽ വേസ്റ്റ്, ബേബി കെയർ -അഡൽറ്റ് ഡയപ്പേഴ്സ് എന്നിവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ഡബിൾ ചേംബേഡ് ഇൻസിനറേറ്റർ പദ്ധതി ഇലന്തൂരിൽ എത്തുന്നു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻകൈ എടുത്താണ് ഉയർന്ന ശേഷിയുള്ള ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. പദ്ധതി സംബന്ധിച്ച ആലോചനാ യോഗം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരദേവിയുടെ അധ്യക്ഷതയിൽ ചേർന്നു.
സാനിട്ടറി മാലിന്യ സംസ്കരണത്തിന് സംസ്ഥാന ശുചിത്വമിഷൻ എംപാനൽ ചെയ്ത് ഫ്ലോററ്റ് ടെക്നോളജീസ് എന്ന കമ്പനിയാണ് രംഗത്ത് വന്നത്.
പദ്ധതി വിശദാംശങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നു. യോഗത്തിൽ പത്തനംതിട്ട ശുചിത്വ മിഷൻ കോഓഡിനേറ്റർ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി രൂപരേഖ വിലയിരുത്തി. പിന്നീട് സംഘം വിശദമായ സ്ഥലപരിശോധനയും നടത്തി. ഈ പ്ലാന്റിന്റെ വരവോടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സാനിട്ടറി മാലിന്യ സംസ്കരണത്തിലെ പ്രതിസന്ധിക്ക് അറുതിയാകുമെന്നാണ് വാദം. തുടർനടപടിയായി ഇലന്തൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് അധ്യക്ഷരുടെ യോഗം ചേരാനും തീരുമാനിച്ചു.
നിലവിലെ ഡബിൾ ചേംബേഡ് ഇൻസിനറേറ്റർ പദ്ധതിയോടൊപ്പം സ്ഥല ലഭ്യത കൂടി പരിശോധിച്ച് ഒരു സാനിട്ടറി പാർക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് തുടർചർച്ചകൾ നത്താനും തീരുമാനം ആയി. ജില്ല ശുചിത്വമിഷൻ അസി. കോ ഓഡിനേറ്റർ (എസ്ഡബ്ല്യൂഎം) ആദർശ് പി കുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എ.ലത, ജനറൽ എക്സ്റ്റൻഷൻ ഓഫിസർ വി. മഞ്ജു, ഫ്ലോററ്റ് ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സനൽ കുമാർ എന്നിവർ യോഗത്തിലും തുടർന്നുള്ള സ്ഥല പരിശോധനയിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.