ജില്ല ആസ്ഥാനത്ത് കുടിവെള്ളക്ഷാമം
text_fieldsപത്തനംതിട്ട: നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷമായി. അഞ്ചക്കാല, വെട്ടിപ്പുറം, മുണ്ടുകോട്ടയ്ക്കൽ, പെരിങ്ങമ്മല, വഞ്ചിപൊയ്ക, പൂവൻപാറ, തൈക്കാവ്, പേട്ട, മൈലാടുംപാറ, ചുട്ടിപ്പാറ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽകുടിവെള്ളം കിട്ടാതെ ജനങ്ങൾ നരകിക്കുകയാണ്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളം മിക്കപ്പോഴൂം ലഭിക്കാറില്ല. കിണറുകളിൽ വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. ഈ വര്ഷം ജനുവരി ആദ്യംതന്നെ വെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതാണ്. വേനൽ കടുത്തതോടെ സ്ഥിതി രൂക്ഷമായി. നാട്ടുകാർ വാഹനം വിളിച്ചാണ് പലയിടത്ത് നിന്നും വെള്ളം കൊണ്ടുവരുന്നത്.
വരണ്ടുണങ്ങി കല്ലാർ; തണ്ണി കിട്ടാതെ തണ്ണിത്തോട്
കോന്നി: മലയോരമേഖലയുടെ പ്രധാന ജലസ്രോതസ്സായ കല്ലാർ വറ്റിവരണ്ട് തുടങ്ങിയതോടെ തണ്ണിത്തോട് മലയോര മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. തേക്കുതോട്ടിൽ സ്ഥാപിച്ച തണ്ണിത്തോട് ശുദ്ധജല പദ്ധതിയിൽ നിന്നുമാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്.
വേനൽ കടുത്ത് ജല നിരപ്പ് താഴ്ന്ന് കഴിഞ്ഞാൽ ശുദ്ധജല വിതരണവും പ്രതിസന്ധിയിലാകും. 2011ലാണ് തണ്ണിത്തോട് ശുദ്ധജല പദ്ധതി സ്ഥാപിച്ചത്. എന്നാൽ, അതിന് രണ്ട് വർഷം മുമ്പ് തന്നെ തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക്ക് പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഗാർഹിക കണക്ഷനുകൾ വർധിച്ചതോടെ വേനൽ കടുക്കുന്നത് ശുദ്ധജല വിതരണ സംവിധാനത്തെയും സാരമായി ബാധിക്കും.
തണ്ണിത്തോട്, തേക്കുതോട് പ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ആണ് കൂടുതലും ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നത്. എലിമുള്ളുംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട് നിവാസികൾ കൂടുതലായും വരൾച്ച രൂക്ഷമായാൽ കല്ലാറിനെ ആണ് ആശ്രയിക്കുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായൽ വലിയ വില കൊടുത്ത് വാഹനങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. സാധാരണക്കാരായ മലയോര നിവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തിവെക്കുന്നത്.
മഴ പെയ്യാതെ വന്നതോടെ കാർഷിക മേഖലയും ഏറെ പ്രതിസന്ധിയിലായി. തേക്കുതോട് പോലെയുള്ള പ്രദേശങ്ങളിൽ ഏത്തവാഴ കൃഷി അടക്കമുള്ളവ വെള്ളം കിട്ടാതെ കരിഞ്ഞുങ്ങി തുടങ്ങിയിട്ടുണ്ട്.
കല്ലാറിലെ ജലനിരപ്പ് താഴുന്നത് കുട്ടവഞ്ചി സവാരിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കല്ലാറ്റിലെ കടവിൽ മണൽ ചാക്കുകൾ അടുക്കിയാണ് കുട്ടവഞ്ചി സവാരി നടത്തുന്നത്. നദിയിൽ ഒഴുക്ക് ശക്തമായാൽ മാത്രമേ സവാരി പുനരാരംഭിക്കാൻ കഴിയു.
ജല സ്രോതസ്സുകൾ വറ്റി; മല്ലപ്പള്ളി താലൂക്കിൽ കുടിവെള്ളം കിട്ടാക്കനി
മല്ലപ്പള്ളി: കടുത്ത വേനൽ ചൂടിൽ ജലസ്രോതസ്സുകൾ വറ്റിവരണ്ടതോടെ മല്ലപ്പള്ളി താലൂക്കിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മല്ലപ്പളളി, ആനിക്കാട്, എഴുമറ്റൂർ, കൊറ്റനാട്, പുറമറ്റം, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെളളത്തിനായി ജനങ്ങൾ നെട്ടാട്ടത്തിലാണ്.
പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായി. പഞ്ചായത്തുകളിൽ കുടിവെള്ള വിതരണ പദ്ധതികൾ ഉണ്ടെങ്കിലും അതിന്റെ പൂർണ പ്രയോജനം പലയിടത്തും ലഭ്യമല്ല. ഇതിനിടെ കുടിവെള്ളം മുടക്കി റോഡ് നിർമാണവും നടക്കുകയാണ്. ചില പ്രദേശങ്ങളിൽ പൈപ്പ് പൊട്ടലിനെ തുടർന്ന് പകുതിലേറെയും കുടിവെള്ളം പാഴാവുന്നു.
മലയോര മേഖലകളിൽ കുടിവെള്ളമെത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. പുതുക്കുളം, കൈപ്പറ്റ ആനിക്കാട് പഞ്ചായത്തിലെ പൊടി പാറ, വെങ്ങളത്തുകുന്ന്, പുളിക്കാമല, ഹനുമാൻ കുന്ന് എന്നിവിടങ്ങളിലും പുറമറ്റം പഞ്ചായത്തിലെ ബ്ലോക്ക് മല, കാദേശ് മല എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. എഴുമറ്റൂർ പഞ്ചായത്തിലെ കാട്ടോലി പാറ, കൂലിപ്പാറ, വട്ടരി, മലയ്ക്കീഴ്, വാഴക്കാലം പള്ളിക്കുന്ന്, വേങ്ങഴ തടം, ഞാറയ്ക്കാട്, പുറ്റത്താനി, കാരമല . കഞ്ഞിത്തോട്, ഊന്നുകല്ലിൽ എന്നി പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
പ്രയോജനമില്ലാതെ കുഴൽക്കിണറും
കൊറ്റനാട് പഞ്ചായത്തിൽ കുഴൽ കിണറുകളിൽ നിന്നും കുടിവെള്ള വിതരണം നടത്തുന്ന ജല അതോറിറ്റിയുടെ രണ്ട് പദ്ധതികളുണ്ട്. എന്നാൽ രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ കുളത്തുങ്കൽ പദ്ധതിക്ക് സംഭരണി നിർമിച്ചിട്ടില്ല.
തകർച്ചയിലായ കുഴലുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുമില്ല. ഇതിനാൽ ഈ പദ്ധതിയിൽ നിന്ന് പ്രയോജനമില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. പല പഞ്ചായത്തുകളിലും ചെറുകിട കുടിവെളള പദ്ധതികളും പൊതുകിണറുകളും കുഴൽ കിണറുകളും ഉണ്ടെങ്കിലും എല്ലാം ഉപയോഗശ്യൂന്യമായ നിലയിലാണ്.
കോട്ടാങ്ങൽ പഞ്ചായത്തിൽ മലമ്പാറ, പെരുമ്പാറ കുടിവെളള വിതരണ പദ്ധതികൾ ഉണ്ടെങ്കിലും കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് പൈപ്പുകളുടെ തകർച്ച കാരണം മലയോര മേഖലകളിൽ കുടിവെള്ളമെത്തുന്നതിന് തടസ്സമാകുയാണ്.
താലൂക്കിലെ പ്രധാന ജലസ്രോതസ്സായ മണിമലയാറ്റിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതാണ് കുടിവെള്ള വിതരണത്തിന് പ്രധാന കാരണമായിരിക്കുന്നത്. മല്ലപ്പളളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ കുടിവെളള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം വൈകുന്നതതാണ് പ്രശ്നം. അധികൃതരുടെ അനാസ്ഥയാണ് അനന്തമായി നീളുന്നതിന് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പദ്ധതി പൂർത്തിയായാൽ ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളിൽ പൂർണമായും കോട്ടാങ്ങൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെയും കുടിവെളള പ്രശ്നത്തിന് പരിഹാരമാകും. കുടിവെളള ലഭ്യത കുറഞ്ഞ പഞ്ചായത്ത് പ്രദേശങ്ങളിൽ വാഹനങ്ങളിൽ വില കൊടുത്ത് ഗാർഹിക ആവശ്യങ്ങൾക്കുപോലും വെള്ളം വാങ്ങേണ്ട ഗതികേടിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.