ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; അടിസ്ഥാന സൗകര്യം എവിടെ? ഒളിച്ചുകളിച്ച് സർക്കാർ
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മേയ് ഒന്നുമുതൽ നിലവിൽ വന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട് സർക്കാർ. ആവശ്യത്തിന് തുകയും സ്ഥലവും അനുവദിക്കാതെ മോട്ടോർ വാഹന വകുപ്പും ഉരുണ്ടുകളിക്കുകയാണ്. പരിഷ്കാരത്തിൽ നിന്ന് പിന്നാക്കമില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ഗതാഗത വകുപ്പും സംസ്ഥാന സർക്കാറും ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ശക്തമാണ്. ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി, പത്തനംതിട്ട, അടൂർ എന്നീ ആർ.ടി ഓഫീസ് പരിധികളിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നത്. തിരുവല്ലയിൽ ഒഴികെ മറ്റിടങ്ങളിൽ ഡ്രൈവിങ് സ്കൂളുകളാണ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ ഒരുക്കി നൽകുന്നത്. മോട്ടോർ വാഹന വകുപ്പിന് പുളിക്കീഴിൽ സ്വന്തമായുള്ള രണ്ടര ഏക്കർ ഭൂമിയിലാണ് തിരുവല്ലയിലെ ടെസ്റ്റുകൾ നടക്കുന്നത്. വയലിന് സമാനമായ ഗ്രൗണ്ടിൽ മഴക്കാലമായാൽ വെള്ളക്കെട്ട് രൂപപ്പെടും. ഇതോടെ തിരുവല്ല നഗരത്തിലെ ഏതെങ്കിലും സ്കൂൾ ഗ്രൗണ്ടായിരിക്കും പ്രയോജനപ്പെടുക. പുളിക്കീഴിലെ സ്വന്തം സ്ഥലത്ത് ഉൾപ്പെടെ പുതിയ പരിഷ്കാര പ്രകാരമുള്ള സംവിധാനങ്ങൾ ജില്ലയിലെ ഒരു ഗ്രൗണ്ടിലും ഒരുക്കിയിട്ടില്ല. ഇതിനുള്ള പണവും അനുവദിച്ചിട്ടില്ല.
മോട്ടോർ വാഹന വകുപ്പ് ഈ ഭൂമിയിൽ ഒരുപ്രവർത്തനവും നടത്താത്തിനാൽ തിരിച്ചെടുക്കാൻ റവന്യൂവകുപ്പ് നീക്കം നടത്തിയിരുന്നു. ഇതറിഞ്ഞ് മൂന്നാഴ്ച്ച മുമ്പ് ശൗചാലയം പണിയുന്നതിനായി ഒരു കോൺക്രീറ്റ് ടാങ്ക് ഇവിടെ ഇറക്കി വെച്ചു. ടെസ്റ്റിനായി 30 സെന്റ് ഭൂമി അനുവദിക്കണമെന്ന് അഭ്യർഥിച്ച് മല്ലപ്പള്ളി താലൂക്കിലെ പഞ്ചായത്തുകളിൽ വകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലും അന്വേഷിക്കുന്നുണ്ട്. ഓഫീസ് പരിധികളിൽ ദിവസ ടെസ്റ്റുകൾ 60 എണ്ണമായി ഉയർത്തിയിരുന്നു. 40 പുതിയ അപേക്ഷകളും 20 പുനഃ പരീക്ഷകളും. മുമ്പ് ഇത് 30 എണ്ണമായിരുന്നു. അതേസമയം ദിവസം 120 ടെസ്റ്റുകൾ വരെ നടത്തുന്ന ആർ.ടി ഓഫീസുകൾ കേരളത്തിലുണ്ട്.
പത്തനംതിട്ട ജില്ലയിലെ എല്ലാ ഓഫിസുകളിലും ശരാശരി 60 ടെസ്റ്റുകളാണ് നടന്നിരുന്നത്. ടെസ്റ്റുകളുടെ എണ്ണം ഇവിടുത്തെ ഓഫിസുകളെ ബാധിക്കില്ല. പുതിയ പരിഷ്കാരം വന്നതോടെ ടെസ്റ്റുകളുടെ എണ്ണം കുറയാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. ഇത് ഡ്രൈവിങ് സ്കൂളുകൾക്കും അപേക്ഷകർക്കും ബുദ്ധിമുട്ടാകും. ചിലയിടത്ത് പരീക്ഷ ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ച് പരിഹാരം കാണുമെന്നും പറയുന്നു. കേരളത്തിൽ ടെസ്റ്റ് പരിഷ്കാരം കീറാമുട്ടിയാകുമെന്നാണ് ഡ്രൈവിങ് സ്കൂൾ സംഘടനകൾചേർന്ന് രൂപീകരിച്ച സമര സമിതിയുടെ മുന്നറിയിപ്പ്. പുതിയ പരിഷ്കാര പ്രകാരം ടെസ്റ്റ് സംവിധാനങ്ങൾ ഒരുക്കണമെങ്കിൽ 15 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. പുറമേ നിരപ്പായ 50 സെന്റ്ഭൂമിയും വേണം. സാമ്പത്തിക പ്രയാസങ്ങളിലുടെ കടന്നുപോകുന്ന സംസ്ഥാന സർക്കാറിന് ഇത്രയും പണം അനുവദിക്കാൻ കഴിയുമോ എന്ന് സമരസമിതി ഭാരവാഹികൾ ചോദിക്കുന്നു. ഇത്രയും തുക അനുവദിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ഡ്രൈവിങ് സ്കൂൾ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. സംസഥാനത്തെ പരീക്ഷ കടുപ്പിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് സംഘടിപ്പിക്കാൻ ഏജൻസികളും സജീവമായി തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ വാടകക്ക് താമസിക്കുന്നെന്ന് വ്യജ രേഖയുണ്ടാക്കി ആ വിലാസത്തിൽ ലൈസൻസ് ഒപ്പിച്ചെടുക്കുകയാണ് രീതി. തങ്ങളുടെ കമീഷൻ ഉൾപ്പെടെ കേരളത്തിൽ ചെലവാകുന്ന തുകയാണ് ഇതര സംസ്ഥാന ലൈസൻസിനും ഏജൻസികൾ വാഗ്ദാനം ചെയ്യുന്നത്. ഇതോടെ ധാരാളംപേർ ഈ വലയിൽവീഴാനും ഈ ഇനത്തിൽ കേരള സർക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.