കടുവയെ പിടിക്കാൻ ഡ്രോൺ നിരീക്ഷണം
text_fieldsവടശ്ശേരിക്കര: കടുവഭീതി നിലനിൽക്കുന്ന പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ വനം വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ ഡ്രോൺ നിരീക്ഷണം നടത്തി. പെരുനാട് ബഥനിമല, കാർമൽ കോളജ് ഭാഗങ്ങളിൽ ഒരാഴ്ചയായി ഭീതിവിതക്കുന്ന കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നതിനു പിന്നാലെ ഈ പ്രദേശങ്ങളിൽ കാമറ സ്ഥാപിച്ചിരുന്നു. തുടർന്ന് ആക്രമണകാരിയായ കടുവയെ കണ്ടെത്തുകയും ചെയ്തിരുന്നു.
തൊട്ടടുത്ത ദിവസംതന്നെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങളായി കടുവ പ്രദേശം വിട്ടുപോയെന്നുള്ള ധാരണയായിലായിരുന്നു നാട്ടുകാർ. എന്നാൽ, കഴിഞ്ഞ ദിവസം കോളാമല ഓലിക്കപതാൽ സജീവിന്റെ ആട്ടിൻ കുട്ടിയെ പിടിക്കാൻ കടുവ ചാടുന്നത് സഹോദരന്റെ മകൾ മിയ നജീബ് കണ്ടതോടെയാണ് കടുവ ഈ പ്രദേശത്തെ കാടുമൂടിക്കിടക്കുന്ന പുരയിടങ്ങളിൽത്തന്നെ തമ്പടിച്ചിരിക്കുന്നതായി സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാവിലെ മുതൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലെ വനപാലകസംഘം കോളാമല, വിളക്കുതറ, മാമ്പ്രകുഴി, കാർമൽ കോളജ് പരിസരം എന്നിവിടങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തി. നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കാനും കാടുമൂടിയ തോട്ടങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകാനും ബുധനാഴ്ച കൂടിയ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.