പിടിയിലായത് ലഹരിയുടെ മൊത്തക്കച്ചവടക്കാർ; പ്രതികൾക്ക് റമ്പുട്ടാൻ വ്യാപാരവും
text_fieldsപത്തനംതിട്ട: മണ്ണാറമലയിൽ വീട് വാടകക്കെടുത്ത് ലഹരി വ്യാപാരം നടത്തിയതിന് അറസ്റ്റിലായ പ്രതികൾ ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത് റമ്പുട്ടാൻ വ്യാപാരത്തിന്റെ മറവിൽ. കമ്പം, തേനി ഭാഗങ്ങളിൽനിന്ന് ഇവർ പച്ചക്കറിയും മറ്റും കൊണ്ടുവരുകയും ചെയ്തിരുന്നു.
പ്രതികളിൽ ചിലർ നഗരത്തിൽ മീൻകച്ചവടവും നടത്തിയിരുന്നു. പ്രതികൾ ഇവിടെ വൻ തോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് ജില്ലയിലും സമീപജില്ലകളിലും വർഷങ്ങളായി മൊത്തക്കച്ചവടം ചെയ്തുവരുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം നാലുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് വലിയ ലഹരിമരുന്ന് വേട്ട നടന്നത്.
നൂറ് കിലോയിലധികം കഞ്ചാവും അര കിലോയോളം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. വീട്ടിൽനിന്ന് പ്രതികളെ മൽപിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇത്രയുമധികം കഞ്ചാവ് എത്തിച്ചതിനു പിന്നിൽ വൻലോബി തന്നെ ഉണ്ടാകുമെന്നാണ് നിഗമനം. പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്. ലഹരി വ്യാപാരത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായും വിവരമുണ്ട്. ഈ സംഘത്തിൽ ഉൾപ്പെട്ട ചിലരാണ് അടുത്ത കാലത്ത് നഗരത്തിൽ ഉണ്ടായ പല അക്രമസംഭവങ്ങൾക്കും പിന്നിൽ.
30 ലക്ഷം രൂപയുടെ കഞ്ചാവും എം.ഡി.എം.എയുമാണ് പിടിച്ചെടുത്തതെങ്കിലും ചില്ലറയായി വിൽപന നടത്തിയാൽ ഒരു കോടിക്ക് മുകളിൽ വില വരും. നഗരത്തിൽ കുട്ടികൾ കൂടുതൽ പഠിക്കുന്ന പല വിദ്യാലയങ്ങളും ഈ ലഹരി സംഘത്തിന്റെ വലയിലാണെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് ജാഗ്രത നിർദേശം നൽകിയിരുന്നു.ലഹരിവസ്തുക്കൾ എത്തിച്ചത് എവിടെനിന്ന് എന്ന് കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.