ശബരിമല നട തുറന്നു: പൂങ്കാവനം ലഹരിമുക്തം; മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു
text_fieldsപത്തനംതിട്ട: കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ശബരിമല പൂങ്കാവന പ്രദേശം ലഹരിമുക്ത മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു. ശബരിമല പൂങ്കാവന പ്രദേശം ലഹരി നിരോധിത മേഖലയാണെന്നും ലഹരി ഉപയോഗം ശിക്ഷാർഹമാണെന്നും വിവിധ ഭാഷകളിലുള്ള സന്ദേശം ഉൾക്കൊള്ളുന്ന മുന്നറിയിപ്പ് ഫലകങ്ങൾ ലക്ഷ്യ ഫോർ ഫ്യൂച്ചർ ക്ലബിന്റെ സഹകരണത്തോടെയാണ് പൂങ്കാവന പ്രദേശത്ത് സ്ഥാപിച്ചത്.
മന്ത്രി വി.എൻ. വാസവൻ പമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എമാരായ കെ.യു. ജെനീഷ് കുമാർ, പ്രമോദ് നാരായൺ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി. റോബർട്ട്, പമ്പ അസി. എക്സൈസ് കമീഷണർ. ടി.എൻ. സുധീർ, വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി. പ്രദീപ്, എക്സൈസ് റാന്നി സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ള, അസി. എക്സൈസ് ഇൻസ്പെക്ടർ വി.കെ. രാജീവ് എന്നിവർ സംസാരിച്ചു.
ശുചിമുറി മാലിന്യ സംസ്കരണത്തിന് ആക്ഷൻ പ്ലാൻ തയാറാക്കി ജില്ല ശുചിത്വ മിഷൻ
പത്തനംതിട്ട: ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്, എസ്.ടി.പി, വിൻഡോ കമ്പോസ്റ്റിങ് തുടങ്ങിയ കമ്യൂണിറ്റിതല മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നൽകി വിപുലമായ ആക്ഷൻ പ്ലാൻ തയാറാക്കി ജില്ല ശുചിത്വ മിഷൻ. ജില്ല കോഓഡിനേറ്റർ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി വിവിധ ഇടങ്ങളിൽ വിശദമായ സ്ഥല പരിശോധന നടപടികളിലേക്ക് കടന്നു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചാണ്ടി- നീലഗിരി മലയിൽ സ്ഥലം ഒരുങ്ങുകയാണ്. നിലവിൽ ഇവിടേക്കുള്ള ഗതാഗത സംവിധാനത്തിലെ പോരായ്മയാണ് ജില്ല ശുചിത്വ മിഷന് വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾക്ക് മിഷൻ മുന്നിട്ടിറങ്ങുമെന്ന് ജില്ല കോഓഡിനേറ്റർ നിഫി എസ്. ഹക്ക് വ്യക്തമാക്കി.
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനായി (എഫ്.എസ്.ടി.പി) കൊടുമൺ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതതയിലുള്ള ചന്ദനപ്പള്ളി എസ്റ്റേറ്റിനാണ് ജില്ല ശുചിത്വ മിഷൻ പ്രഥമ പരിഗണന നൽകുന്നത്. ജില്ല ശുചിത്വ മിഷൻ സംഘം പദ്ധതിയുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി എസ്റ്റേറ്റിലും സ്ഥല പരിശോധ നടത്തി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സാഹചര്യങ്ങൾ അനുകൂലമായാൽ ഡിസംബറിൽതന്നെ പദ്ധതി ഏറ്റെടുക്കാനാണ് തീരുമാനം. അടുത്ത വർഷം ആദ്യ പകുതിയോടെ നിർമാണ പ്രവർത്തനങ്ങളും തുടങ്ങാനാകും. ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർക്ക് ഒപ്പം ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർ (എസ്.ഡബ്ല്യു.എം) ആദർശ് പി. കുമാർ, ടെക്നിക്കൽ കൺസൽട്ടന്റ് അരുൺ വേണുഗോപാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തിരുവാഭരണ ദർശനം ഇന്ന് തുടങ്ങും
പന്തളം: മണ്ഡല ഉത്സവത്തിന് തുടക്കം കുറിക്കുന്നതോടെ പന്തളം കൊട്ടാരത്തിലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനവും ശനിയാഴ്ച തുടങ്ങും.
ശനിയാഴ്ച പുലർച്ച അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് ദർശനം, പന്തളം വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലും പന്തളം കൊട്ടാരത്തിലും ശനിയാഴ്ച മുതൽ അന്നദാനമുണ്ടാക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും ഉച്ചക്കും വൈകീട്ടും അന്നദാനവുമുണ്ടാകും. ക്ഷേത്രത്തിന് സമീപത്തെ വേദിയിലാണ് ഇക്കുറി കലാപരിപാടികൾ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.